വള്ളികുന്നം : നാട്ടുകാരിൽ ആശങ്ക പരത്തി വള്ളികുന്നത്തും പരിസരപ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം. കൊണ്ടോടിമുകൾ ഭാഗത്ത് ചേന്ദങ്കര ക്ഷേത്രത്തിന് സമീപമുള്ള ഭാഗത്താണ് കാട്ടുപന്നികൾ കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തി വിളകൾ നശിപ്പിച്ചത്. പുതിയവീട്ടിൽ ഓമനക്കുട്ടൻപിള്ളയുടെ കൃഷികളാണ് കൂടുതൽ നശിപ്പിച്ചത്. കൂടാതെ സമീപമുള്ള തറയിൽ മോഹനൻ, ഐശ്വര്യത്തിൽ വിജയൻനായർ, തോണ്ടാംചിറയിൽ നടരാജക്കുറുപ്പ് എന്നിവരുടെ കൃഷികളും നശിപ്പിക്കപ്പെട്ടു. കപ്പ, വാഴ, തെങ്ങിൽ തൈകൾ, കൂവ, ജാതി, പച്ചക്കറികൾ തുടങ്ങിയവയാണ് കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ നശിപ്പിച്ചത്. രാവിലെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇവയെല്ലാം നശിച്ച് കിടക്കുന്നത് കണ്ടത്. പന്നിയെ ആരും കണ്ടില്ലെങ്കിലും മണ്ണിൽ പതിഞ്ഞ കാൽപാടുകളും മറ്റും പരിശോധിച്ചപ്പോഴാണ് പന്നിയാണെന്ന് മനസിലായത്. ഇരുളിന്റെ മറവിൽ കൂട്ടത്തോടെ എത്തുന്ന പന്നികൾ പറമ്പിലുള്ള കരകൃഷികളാണ് കൂടുതലും നശിപ്പിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ കടുവിനാൽ ദയാനന്ദന്റെ വീട്ടിലെ ചേമ്പ് കൃഷിയും സമീമുള്ള ഉത്തമാലയത്തിൽ ഉത്തമന്റെ പറമ്പിലെ വാഴകളും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ചാരുംമൂട് ഭാഗത്ത് നിന്നും കെഐപി കനാൽ വഴി എത്തിയതാകാം പന്നികൾ എന്നാണ് കരുതുന്നത്. പകൽ സമയം കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുന്ന ഇവറ്റകൾ രാത്രിയിലിറങ്ങിയാണ് കൃഷി നാശം വിതക്കുന്നത്.