
തിരുവനന്തപുരം∙ കലാരംഗത്തുള്ളവരുടെ പ്രതികരണങ്ങൾ ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. നടൻമാരായ ജയസൂര്യയും കൃഷ്ണപ്രസാദും ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയായിരുന്നു ഇ.പി.ജയരാജന്റെ പ്രതികരണം. ‘‘കേന്ദ്രസർക്കാർ നെല്ല് സംഭരണത്തിന് തരാനുള്ള 650 കോടിയോളം രൂപ സംസ്ഥാനത്തിന് കുടിശികയാണ്. നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് പണം നൽകാനായിട്ടില്ലെന്നത് പരമാർഥമാണ്. പക്ഷെ, ആ കൃഷിക്കാർക്ക് മുഴുവൻ പണം കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലേ, അവരുടെ നെല്ല് മുഴുവൻ സംഭരിക്കുന്നില്ലേ.
നെല്ലിന് പണം നല്‍കുന്നതിനായി കുറച്ച് കാലതാമസം വന്നിട്ടുണ്ടാകാം. ആ കാലതാമസം വന്നത് എന്തുകൊണ്ടാണെന്നത് മനസ്സിലാക്കി ശരിയായ നിലയിൽ പ്രതികരിക്കുകയാണ് വേണ്ടത്. അടിമകളായി കഴിഞ്ഞുകൂടിയ കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയത്. ഈ ഇടതുപക്ഷ പ്രസ്ഥാനം ഐതിഹാസികമായി നടത്തിയ സമരങ്ങളിലൂടെയാണ്. ആ കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവർത്തന, സാമൂഹിക,, കലാരംഗത്ത് പ്രവർത്തിക്കുന്നവർ പ്രതികരിക്കാൻ. തങ്ങളുടെ പ്രസ്താവനകൾ ഇടതുപക്ഷവിരുദ്ധ മനോഭാവവും, യുഡിഎഫ്, ആർഎസ്എസ് അനുകൂല മനോഭാവവുമാണ് പ്രചരിപ്പിക്കുന്നത് എന്ന തോന്നലുണ്ടാകാതിരിക്കാൻ കലാ, സാംസ്കാരിക രംഗത്തുള്ളവർ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും’’– ഇ.പി. ജയരാജൻ പറഞ്ഞു.
നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയും കൃഷ്ണപ്രസാദും രംഗത്തെത്തിയത്.