Spread the love

അയവില്ലാതെ തുടർന്ന് കർഷക സമരം;കൂടുതൽ കർഷകർ സമരമുഖത്തേക്ക്.


ന്യൂഡൽഹി : ഹരിയാനയിൽ കർണാലിൽ കർഷകരും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് അയവില്ലാതെ തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം കർഷകൻ സുശീൽ കാജലിന്റെ മരണത്തിനു വഴിവച്ച പൊലീസ് ലാത്തിച്ചാർജിന് ഉത്തരവിട്ട സബ് ഡിവിഷനൽ മജിസ്ട്രേട്ട് ആയുഷ് സിൻഹയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ ആവർത്തിച്ചു. 
കർണാലിൽ മൊബൈൽ ഇന്റർനെറ്റ് വിലക്ക് സർക്കാർ നീട്ടി. സുശീലിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാമെന്ന സർക്കാരിന്റെ വാഗ്ദാനം കർഷകർ തള്ളി. പണം ഏർപ്പാടാക്കാൻ തങ്ങൾക്കു കഴിയുമെന്നു കർഷകർ വ്യക്തമാക്കി. 
ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാണെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചു. കർഷകരുടെ തലയടിച്ചു പൊളിക്കാൻ പൊലീസിന് ആയുഷ് നിർദേശം നൽകുന്നത് വിഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കർഷക സംഘടനകൾ തിരിച്ചടിച്ചു. സമരത്തിന്റെ ഭാഗമാകാൻ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ കർണാലിലേക്കു തിരിച്ചു.

Leave a Reply