ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ യോഗം ചേര്‍ന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച ട്രാക്ടര്‍ റാലി അടക്കമുള്ള സമരങ്ങള്‍ തുടരും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍വെയ്ക്കും. നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി.