നാല് സിനിമകളിലൂടെ 700 കോടി രൂപയിലധികം നേട്ടം കൊയ്ത സംവിധായികയാണ് ഫറാ ഖാൻ. എന്നാൽ സിനിമകളിൽ നിന്ന് നേടിയതിനേക്കാൾ കൂടുതൽ പണം ഒറ്റ വർഷം കൊണ്ട് യൂട്യൂബിൽ നിന്ന് സമ്പാദിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് നടി.കൊറിയോഗ്രാഫറും ചലച്ചിത്ര നിർമാതാവുമായ ഫറാ ഖാൻ നർമം കലർന്ന സംസാരശൈലിക്ക് പേരുകേട്ട വ്യക്തിയാണ്. ഇപ്പോൾ യൂട്യൂബ് വ്ളോഗുകളുമായി സജീവമാണ് ഫറ. യൂട്യൂബിൽ ഏകദേശം 2.5 മില്യൺ സബ്സ്ക്രൈബേഴ്സാണ് ഫറാ ഖാന് ഉള്ളത്. പാചകക്കാരനായ ദിലീപിനൊപ്പമുള്ള ഫറാ ഖാന്റെ കുക്കിംഗ് വ്ളോഗുകൾ ഡിജിറ്റൽ സെൻസേഷനായി മാറിയിരിക്കുകയാണ്.
ചലച്ചിത്ര നിർമ്മാതാവായിരുന്ന അച്ഛൻറെ ദാരിദ്യം നിറഞ്ഞ ജീവിതം അടുത്തുകണ്ട ഫറാ ഖാൻ ഒരു കൊറിയോഗ്രാഫറായിട്ടാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഫറ സംവിധാനത്തിലേക്കും കടക്കുകയായിരുന്നു. റിയാലിറ്റി ഷോകളിൽ വിധികർത്താവായും തിളങ്ങിയ ഫറാ ഖാൻ അടുത്തിടെയാണ് യൂട്യൂബ് ചാനലുമായി സജീവമായത്.
സോഹ അലി ഖാനോടൊപ്പമുള്ള ഒരു പോഡ്‌കാസ്റ്റിനിടെ, ബ്ലോക്ക്ബസ്റ്ററുകൾ ഉണ്ടാക്കിയതിനേക്കാളും, ഏറ്റവും അവിസ്മരണീയമായ ബോളിവുഡ് ഗാനങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തതിനേക്കാളും, ഇന്ത്യയിലെ മുൻനിര റിയാലിറ്റി ഷോകളിൽ വിധികർത്താവായതിനേക്കാളും കൂടുതൽ പണം കഴിഞ്ഞ ഒരു വർഷത്തിനിടെ താൻ സമ്പാദിച്ചത് യൂട്യൂബിലൂടെയാണെന്ന് ഫറാ ഖാൻ തുറന്നു പറഞ്ഞു.
‘മേ ഹൂ നാ’ (ബോക്സ് ഓഫീസ് വരുമാനം 89 കോടി രൂപ), ‘ഓം ശാന്തി ഓം’ (ബോക്സ് ഓഫീസ് വരുമാനം 152 കോടി രൂപ), ഹിറ്റായ ‘ഹാപ്പി ന്യൂ ഇയർ’ (ബോക്സ് ഓഫീസ് വരുമാനം 383 കോടി രൂപ) പോലുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ നിന്നുള്ള വരുമാനത്തെ പോലും മറികടന്നിരിക്കുകയാണ് ഫറാ ഖാന്റെ യൂട്യൂബ് വരുമാനം.
“എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ‘വലിയ’ എന്നത് ഒരു ആപേക്ഷിക പദമാണ്. പക്ഷെ ഞാൻ എവിടെയോ പറഞ്ഞിട്ടുണ്ട്, എന്റെ മുഴുവൻ കരിയറിൽ, ഒരുപക്ഷേ ഒരു വർഷം, ഞാൻ ഇത്രയധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും, ഇത്രയും പണം ഉണ്ടാക്കിയിട്ടില്ല,” ഫറാ ഖാന്റെ വാക്കുകളിങ്ങനെ.
“പണത്തിന്മേൽ ആർക്കും ഉടമസ്ഥാവകാശം ഇല്ല. ഇത് എന്റെ ചാനലാണ്, അതിനാൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും. ‘ഇത് മുറിച്ചുമാറ്റേണ്ടിവരും, ഇത് ചേർക്ക്’ എന്ന് പറയാൻ ഒടിടി ചാനലോ പ്രൊഡക്ഷൻ ഹൗസോ ഇല്ല. ‘നിങ്ങൾക്ക് ഈ അതിഥിയെ മാത്രമേ കൊണ്ടുവരാൻ കഴിയൂ’ എന്ന് പറയുന്ന ടിവി ചാനലുകൾ ഇല്ല. ഞാൻ ഇപ്പോൾ ആരെ ക്ഷണിക്കണം എന്നതിൽ എനിക്ക് സ്വാതന്ത്ര്യമുണ്ട്.”
യൂട്യൂബിലെ ഏറ്റവും വലിയ മൂലധനം ആധികാരികതയാണെന്ന് ഫറാ പറഞ്ഞു, അതുകൊണ്ടാണ് താൻ മേക്കപ്പ് ആർട്ടിസ്റ്റുകളെയോ സ്റ്റൈലിസ്റ്റുകളെയോ ആശ്രയിക്കാത്തതെന്നും ഫറാ ഖാൻ കൂട്ടിച്ചേർത്തു.
യൂട്യൂബിൽ സ്ഥിരത പ്രധാനമാണെന്നും അവർ പറയുന്നു. “ഞാൻ ഒന്നും പോസ്റ്റ് ചെയ്യാതിരുന്ന രണ്ടാഴ്ച എന്റെ അമ്മ മരിച്ചപ്പോഴാണ്. മറ്റെല്ലാപ്പോഴും സ്ഥിരതയോടെ ഞാൻ ജോലിയിൽ ശ്രദ്ധിക്കുന്നു. ഒന്നര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കും.”
തന്റെ പാചകക്കാരനായ ദിലീപും ചാനലിലൂടെ പ്രശസ്തനായതിനെ കുറിച്ച് ഫറാ ഖാൻ മനസ്സു തുറന്നു. “അവന് ധാരാളം കടമുണ്ടായിരുന്നു. എങ്ങനെയെന്ന് എനിക്കറിയില്ല. ഒരു വർഷം മുഴുവൻ ആ കടം വീട്ടാനും, ‘നീ ഇനി പലിശയ്ക്ക് ലോൺ എടുക്കരുത്, കാരണം ഞാൻ നിനക്ക് നൽകുന്നതെല്ലാം കിണറ്റിലേക്ക് പോവുകയാണ്’ എന്ന് ഞാനവനോട് പറഞ്ഞു. ഇപ്പോൾ ഞാൻ അവന്റെ എല്ലാ കടങ്ങളും തീർത്തു. അവൻ വീട് നിർമ്മിക്കുകയാണ്. വീട് സൗജന്യമായി പൂർത്തിയാക്കാൻ നിരവധി ബ്രാൻഡുകളെ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു.” ഫറാ ഖാൻ കൂട്ടിച്ചേർത്തു.








