കോട്ടയം∙ പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. പാലാ ചേറ്റുകുളം കോളനിയിൽ ജോമോൻ (40) ആണ് മരിച്ചത്. അനന്യ (13), അമേയ (10), അനാമിക (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനാമികയുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
മൂവരുടെയും കഴുത്തിൽ വെട്ടിയ ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. ജോമോന്റെ ഭാര്യ വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ചു പോയിരുന്നു. കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സമീപമുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോമോൻ ജീവനൊടുക്കിയത്. മൃതദേഹം വീട്ടിൽനിന്നു പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.