ഗാനഗന്ധർവ്വന്‍ കെ.ജെ. യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മകൻ വിജയ് യേശുദാസ്. അച്ഛൻ അമേരിക്കയിൽ ആണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വിജയ് പ്രതികരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ചില ഓൺലൈൻ മാധ്യമങ്ങളിൽ യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ വാർത്തകൾ വന്നത്. രക്ത സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു വാർത്തകൾ. ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അഭ്യൂഹങ്ങളിൽ വിശദീകരണവുമായി വിജയ് യേശുദാസ് രംഗത്ത് എത്തിയത്.
‘എങ്ങനെയാണ് ഈ വർത്തകൾ വന്നതെന്ന് അറിയില്ല. അച്ഛൻ അമേരിക്കയിലാണ്. അവിടെ അദ്ദേഹം സുഖമായിരിക്കുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. ആരോഗ്യവാനാണ്. ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല’, എന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. വാർത്തകളിൽ വന്ന ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഒരുപക്ഷേ ഓഗസ്റ്റിൽ യേശുദാസ് ഇന്ത്യയിലേക്ക് വരുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചിലരും പറയുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിലാണ് യേശുദാസ്.