ഇന്നസെന്റിന്റെ കൊച്ചുമകൻ ജൂനിയർ ഇന്നസെന്റ് സിനിമയിൽ അരങ്ങേറുന്നു. ഐ.എം. ഏലിയാസ് സംവിധാനംചെയ്യുന്ന ‘ഹായ് ഗായ്‌സ്’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്ലസ് ടു വിദ്യാർഥിയുടെ റോളാണ് ജൂനിയർ ഇന്നസെന്റിന് ചിത്രത്തിൽ. മാത്രവുമല്ല അമീർ പള്ളിക്കൽ സംവിധാനംചെയ്യുന്ന ‘പ്രേം പാറ്റ’ എന്ന മറ്റൊരു സിനിമയിൽ കൂടി ജൂനിയർ ഇന്നസെന്റിനു വേഷമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് താരത്തിന്റെ കൊച്ചുമകൻ പറഞ്ഞ വാക്കുകളാണ് മാധ്യമങ്ങളിൽ വാർത്തയാകുന്നത്.
ജൂനിയർ ഇന്നസെന്റിന്റെ വാക്കുകൾ
അപ്പാപ്പന് ഞാൻ സിനിമയിൽ വരുന്നതിൽ താത്പര്യമായിരുന്നു. പക്ഷേ, റെക്കമെൻഡ് ചെയ്തിട്ടില്ല. സഹോദരി അന്നയ്ക്കാണ് സിനിമയിലേക്ക് ആദ്യ ഓഫർ വന്നത്. മഞ്ജു വാരിയരുടെ ചിത്രത്തിലേക്ക്. അന്നയ്ക്ക് താത്പര്യമില്ലാത്തതിനാൽ നടന്നില്ല.അപ്പാപ്പൻ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു പേരക്കുട്ടികളുടെ സിനിമാപ്രവേശനം. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന് കരുതി അദ്ദേഹം. ഇപ്പോൾ ആ സമയമായിരിക്കുന്നു. എന്നാൽ, അതിന്റെ ഭാഗമാവാൻ അപ്പാപ്പൻ ഇല്ലാതെപോയല്ലോ എന്ന സങ്കടംമാത്രം.








