Spread the love

ടൊവിനോ തോമസ് നായകനായ ചിത്രം ‘കള’ കണ്ടിറങ്ങിയ ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു. ഷൂട്ടിങ്ങിനിടെ നായകന് പരിക്കേറ്റ ചിത്രം A സര്‍ട്ടിഫിക്കറ്റോടെയാണ് തിയേറ്ററിലെത്തിയത്. വിനു മാധവന്‍ എന്നയാളാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചുവടെ:

“കള കണ്ടിറങ്ങിയതിനു ശേഷം ആലോചിച്ചത് മുഴുവന്‍ ടൊവീനോയെ കുറിച്ചാണു – സമകാലീകരില്‍ ഏറ്റവുമധികം അണ്ടര്‍ അപ്രീഷിയേറ്റ് ചെയ്യപ്പെടുന്നത് അയാളായിരിക്കില്ലേ? ഒന്ന് മറ്റൊന്നിനോട് സാമ്യം തോന്നിപ്പിക്കാത്ത കഥാപാത്രങ്ങള്‍, ഒരോ കഥാപാത്രത്തിനുമായി വരുത്തുന്ന ബോധപ്പൂര്‍വമായ രൂപഭാവ മാറ്റങ്ങള്‍, കയ്യടി കൂടുതലും നായികയ്ക്കോ സഹതാരങ്ങള്‍ക്കോ പോകുമെന്നുറപ്പുണ്ടായിട്ട് കൂടി, തിരക്കഥയില്‍ വിശ്വസിച്ച്‌, സിനിമ ആത്യന്തികമായി സംവിധായകന്റെയും എഴുത്തുക്കാരന്റെയുമാണെന്ന ഉറച്ച വിശ്വാസത്തില്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച്‌ പകര്‍ന്നാടിയ വേഷങ്ങള്‍. സ്വന്തമായി നിര്‍മ്മിക്കുന്ന കളയില്‍ പോലും അയാള്‍ തിരഞ്ഞെടുത്ത വേഷം ആന്റി ഹീറോയുടേതാണ്. ഒരു ടിപ്പിക്കല്‍ നായകനു വേണ്ട മൊറാലിറ്റിയോ , ഐഡിയലിസമോ ഒന്നുമില്ലാതെ, മിണ്ടാപ്രാണിയെ ഹൈ കിട്ടാന്‍ വേണ്ടി കൊല്ലുന്ന, അപ്പനെ ഊറ്റി ജീവിക്കുന്ന, ഭാര്യയേയും കുഞ്ഞിനെയും പോലും മറന്ന് സ്വയം സുരക്ഷിതത്വം തേടുന്ന, സ്വയം കളയാണെന്നു തിരിച്ചറിയാതെ അഹങ്കരിക്കുന്ന, അപമാനിതനായി പരാജയപ്പെടുന്ന ഷാജി!

അയാളെ തോല്പിച്ച്‌ നായകനാകുന്നതും, അഡ്രിനാലിന്‍ റഷ് പ്രേക്ഷകര്‍ക്കു നല്‍കുന്നതുമൊക്കെ താരതമ്യേന പുതുമുഖമായ ഒരു നടനും, സിനിമ തീര്‍ന്നവസാനിക്കുന്ന ക്രെഡിറ്റ് ലിസ്റ്റിലും നായകനയാളാണ് !കരിയറിന്റെ പ്രൈമില്‍ ടൊവീനോയുടെ ഈ തിരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുന്നത് താരപദവിയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കെ ഉയരങ്ങളിലെ ആന്റി ഹീറോയുടെ വേഷം അനശ്വരമാക്കിയ ലാലേട്ടനെയാണ്.

ടൊവീനോ, നിങ്ങളെ മലയാള സിനിമ ഇനിയും തിരിഞ്ഞറിഞ്ഞിട്ടില്ല, അര്‍ഹിക്കുന്ന സ്നേഹവും അംഗീകാരവും നല്‍കിയിട്ടുമില്ല. പക്ഷേ ഇനി വൈകില്ല, തിരിച്ചറിഞ്ഞ് അംഗീകരിക്കുന്ന, കൂട്ടത്തിലൊരാളായി ചേര്‍ത്തു പിടിച്ച്‌ സ്നേഹിക്കുന്ന ഒരു ദിവസം അടുത്തെവിടെയോ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്.”

‘കള കഠിനമാണ്, അതികഠിനം. എന്നാല്‍ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്.’-കള എന്ന സിനിമയെക്കുറിച്ച്‌ ടൊവിനോ പറയുന്നതിങ്ങനെ.

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. ആണ് ‘കള’ സംവിധാനം ചെയ്തത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് സംവിധാനം ചെയ്ത ചിത്രമാണ്.

രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ടൊവിനോ തോമസിനൊപ്പം ലാല്‍, ദിവ്യ പിള്ള, ആരിഷ്, പതിനെട്ടാം പടി താരം മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply