എടപ്പാൾ: തീവണ്ടിയാത്രയ്ക്കു സമാനമായ വേഗത്തിൽ ദീർഘദൂര യാത്രകൾ സാധ്യമാക്കാനായി കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച ബൈപ്പാസ് ഫീഡർ ബസുകൾ എടപ്പാളിൽ ഒരുങ്ങി.
കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാൾ രണ്ടു മണിക്കൂറെങ്കിലും സമയലാഭത്തിൽ യാത്രപൂർത്തിയാക്കാനുള്ള പുതിയ സംരംഭമാണ് ബൈപ്പാസ് റൈഡർ ബസുകൾ. നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കും.
സമയക്രമം പാലിച്ച് കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ട് ബൈപ്പാസ് റൈഡർ സർവീസുകളാരംഭിക്കും. വിവിധ ഡിപ്പോകളിൽനിന്ന് ഇതിലേക്ക് യാത്രക്കാരെ എത്തിക്കാനായി 39 ഫീഡർ സർവീസുകളും ആരംഭിക്കും. തിരക്കേറിയ ടൗണുകളിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ -ഇന്ധന നഷ്ടം ഒഴിവാക്കാനാണ് ഫീഡർ സർവീസുകൾ. റൈഡർ സർവീസുകൾ പോകുന്നയിടങ്ങളിൽ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും.
തിരുവന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജങ്ഷൻ, ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടി കോടതി ജങ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡർസ്റ്റേഷനുകൾ വരുക.
ഡിപ്പോകളിൽനിന്നും ബസ് സ്റ്റാൻഡുകളിൽനിന്നും തിരികെയും ബൈപ്പാസ് റൈഡർ സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ ഫീഡർ സ്റ്റേഷനുകളിലെത്തിക്കും.
ഇത്തരം 12 ബസുകളാണ് എടപ്പാളിൽ പുതുവർണത്തോടെ സജ്ജമായത്. ബൈപ്പാസ് റൈഡർ യാത്രക്കാർക്ക് അവരെത്തുന്ന ഡിപ്പോകളിൽ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും. ശൗചാലയവുമുണ്ടാകും.