മധുര: തമിഴ്നാട് മധുരയിൽ അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന പായസത്തിൽ വീണ് ഒരാൾ മരിച്ചു. ഒരാഴ്ച മുമ്പായിരുന്നു അപകടം. സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുത്തുകുമാർ ആണ് മരണത്തിന് കീഴടങ്ങിയത്. മധുരയിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ആടിമാസ ഉത്സവത്തിനിടെയാണ് ദുരന്തമുണ്ടായത്. ക്ഷേത്രത്തിൽ നിവേദ്യപ്പായസം തിളച്ചുകൊണ്ടിരുന്ന ചെമ്പിൽ വീണായിരുന്നു അപകടം.
മുത്തുകുമാർ പാചകം നടക്കുന്ന സ്ഥലത്തേക്ക് വരുന്നതും ചെമ്പിന്‍റെ വക്കിൽ ഇരിക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. ശരീരത്തിന്‍റെ ബാലൻസ് തെറ്റി പായസച്ചെമ്പിലേക്ക് വീണുപോവുകയായിരുന്നു. ഓടിക്കൂടിയവർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മുത്തുകുമാറിന് സാരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
65 ശതമാനം പൊള്ളലേറ്റ് രാജാജി സർക്കാർ ആശുപത്രിയിലാണ് ഒരാഴ്ചയായി മുത്തുകുമാര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഒടുവില്‍ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.