Spread the love

വയനാട്: കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തത്തിനായിരുന്നു വയനാട്ടിലെ മുണ്ടക്കൈ സാക്ഷിയായത്. ഒറ്റരാത്രി കൊണ്ട് ഒരു പ്രദേശം തന്നെ നാമാവശേഷമാവുകയായിരുന്നു. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ ഗ്രാമം പൂര്‍ണമായി ഒറ്റപ്പെട്ടു. മുണ്ടക്കൈയിലേക്കുള്ള ഏക മാര്‍ഗമായ പാലം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. എന്നാല്‍ സൈന്യം മണിക്കൂറുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ബെയ്‍ലി പാലം രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാവുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്നുള്ള സൈന്യത്തിന്‍റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പാണ് ദ്രുതഗതിയില്‍ ചൂരല്‍മലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്. പാലം നിര്‍മാണത്തില്‍ നെടുംതൂണായതോ ഒരു പെണ്‍കരുത്തും. മേജര്‍ സീത ഷെല്‍ക്കെയാണ് ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണത്തിന് നേതൃത്വം വഹിച്ചത്. ദുരന്തമുഖത്ത് നിന്നും ബെയ്‍ലി പാല നിര്‍മാണത്തിനായി മേല്‍നോട്ടം വഹിക്കുന്ന സീതയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

രാജ്യത്തുടനീളമായി സൈന്യത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നവരാണ് എം.ഇ.ജി. മദ്രാസ് സാപ്പേഴ്സ് എന്നും ഇവര്‍ അറിയപ്പെടുന്നു. 2018ലെ പ്രളയകാലത്തും ഇവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മദ്രാസ് സാപ്പേഴ്‌സിലെ ഏക വനിതാ ഉദ്യോഗസ്ഥ കൂടിയാണ് സീത ഷെൽക്കെ. മേജർ സീത അശോക് ഷെൽക്കെ ഇവരുടെ പൂര്‍ണമായ പേര്. അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കെയുടെ നാല് മക്കളില്‍ ഒരാളാണ് സീത ഷെല്‍ക്കെ. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിങ് കോളേജില്‍ നിന്നാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിൽ സീത ഷെൽക്കെ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് 2012ലാണ് സീത സൈന്യത്തിന്‍റെ ഭാഗമാകുന്നത്.

സീത ഉൾപ്പെടെ കര്‍ണാടക-കേരള സബ് ഏരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വിനോദ് ടി. മാത്യുവിന്‍റെ നേതൃത്വത്തിലുള്ള 70 അംഗസംഘമാണ് ബെംഗളൂരുവില്‍നിന്ന് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തിനെത്തിയത്.

വ്യാഴാഴ്ചയാണ് നിര്‍മാണം പൂര്‍ത്തിയാക്കി ബെയ്‍ലി പാലം തുറന്നത്. 40 മണിക്കൂര്‍ കൊണ്ടാണ് സൈന്യം പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. 190 അടിയാണ് ബെയ്‍ലി പാലത്തിന്‍റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. ചൂരൽമലയിൽ സ്ഥിരം പാലം വരുന്നത് വരെ ബെയ്‍ലി പാലം നിലനിർത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന മേജർ ജനറൽ വിനോദ്.ടി. മാത്യു നേരത്തെ അറിയിച്ചിരുന്നു.

Leave a Reply