
ന്യൂഡൽഹി∙ സോളർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങളെ നിഷേധിച്ച് ഇ.പി.ജയരാജൻ. ഫെനി ബാലകൃഷ്ണനെ പരിചയമില്ലെന്നും കൊല്ലം ഗെസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും ഇപി പറഞ്ഞു. പിന്നാലെ പാർട്ടി സമ്മേളനത്തിന്റെയും പിണറായി നയിച്ച ജാഥയുടെയും സമയത്താണു ആകെ കൊല്ലം ഗെസ്റ്റ് ഹൗസിൽ താമസിച്ചതെന്നും ഇപി വിശദീകരിച്ചു. ഫെനി ബാലകൃഷ്ണനു പിന്നിൽ ആരോ ഉണ്ടെന്നും ഇപി പറഞ്ഞു.
ഉമ്മൻ ചാണ്ടി നമ്മുടെ കൂടെ ഇപ്പോഴില്ല. കോൺഗ്രസിനകത്തു ശക്തമായ രണ്ടുചേരിയുണ്ട്. ആ ഗ്രൂപ്പിന്റെ മത്സരത്തിന്റെ ഭാഗമായി മൺമറഞ്ഞുപോയ നേതാവിനെ നിയമസഭയിൽ ചർച്ചചെയ്തു കീറിമുറിക്കുന്നത് തെറ്റാണ്. ആ പ്രവണതകളിൽനിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഇ.പി.ജയരാജൻ തന്നെ കാറിൽ കൊല്ലത്തെ ഗെസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഫെനിക്കു വേണ്ടതെന്താണെന്നു വച്ചാൽ ചെയ്യാമെന്നു ജയരാജൻ പറഞ്ഞെന്നും ഫെനി ആരോപിച്ചിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ചു നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. ഇക്കാര്യം പരാതിക്കാരിയെ അറിയിക്കാമെന്നാണു താൻ പറഞ്ഞതെന്നും പിന്നീട് പരാതിക്കാരിയുമായി അവർ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കു ഫെനിയെ പരിചയമില്ലെന്നായിരുന്നു ഇന്ന് മാധ്യമങ്ങളോടു സംസാരിക്കവേ ഇ.പി.ജയരാജന്റെ നിലപാട്.