തിരുവനന്തപുരം: പനി അതിവേഗം പടരുന്ന സംസ്ഥാനത്ത് ഇന്നലെ എച്ച് 1 എൻ 1 മൂലവും എലിപ്പനി ബാധിച്ചും രണ്ടുപേർ വീതം മരിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിലാണ് എലിപ്പനി മരണം. തിരുവനന്തപുരത്തും എറണാകുളത്തുമാണ് എച്ച് 1 എൻ 1 പനി മരണം. കൂടാതെ എലിപ്പനി ലക്ഷണത്തോടെ മൂന്നു പേരും ഇന്നലെ മരിച്ചു. ഇതോടെ നാലു ദിവസത്തിനിടെ പനിമരണം 24 ആയി. 53,069 പേർക്കാണ് നാലു ദിവസത്തിനിടെ പനി ബാധിച്ചത്.
ഇന്നലെ 10 ,594 പേർക്ക് പനി ബാധിച്ചു. 56 പേർക്ക് ഡെങ്കിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 342 പേർക്ക് ഡെങ്കിപ്പനിയുടെയും 11 പേർക്ക് എലിപ്പനിയുടെയും ലക്ഷണങ്ങളുണ്ട്. 54 പേർക്ക് ചിക്കൻ പോക്‌സും 2 പേർക്ക് എച്ച് 1 എൻ 1 പനിയും സ്ഥിരീകരിച്ചു.
ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് പനി ബാധിച്ചത് മലപ്പുറം ജില്ലയിലാണ് – 1712 പേർക്ക്. ഏറ്റവും കുറവ് ഇടുക്കിയിൽ -305 പേർ. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി കൺട്രോൾ റൂം ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ പാനലുൾപ്പെട്ട ദിശയിലെ നമ്പരിലേക്കും വിളിക്കാം.
സംശയം വേണ്ട, വിളിക്കാം
ആരോഗ്യ പ്രവർത്തകർ 9995220557, 9037277026 എന്നീ നമ്പരുകളിലാണ് വിളിക്കേണ്ടത്. പകർച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്‌മെന്റ്, ആശുപത്രി സേവനങ്ങൾ, മരുന്ന് ലഭ്യത, പ്രോട്ടോക്കോളുകൾ, സംശയനിവാരണം എന്നിവയാണ് കൺട്രോൾ റൂമിലൂടെ നിർവഹിക്കുന്നത്.104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ലഭ്യമാണ്. ഇ സഞ്ജീവനി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകർച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാം.
പനി ലക്ഷണങ്ങൾ
വൈറൽ പനി
തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയൽ, ശക്തമായ തലവേദന
എലിപ്പനി
ശക്തമായ വിറയൽ, പനി, തളർച്ച, കുളിര്, ശരീരവേദന, ഛർദ്ദി, മനംപുരട്ടൽ, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാൻ പ്രയാസം, കണങ്കാലിൽ വേദന
എച്ച്1എൻ 1
പനി, ശരീരവേദന, ഛർദ്ദി, തൊണ്ടവേദന, വിറയൽ, ക്ഷീണം.