ഹവാന∙ ക്യൂബയിൽ ഇന്ധനവിലയിൽ 500% വർധനവ്. സാമ്പത്തിക സ്ഥിതി വളരെ മോശമായ രാജ്യത്ത് ഫെബ്രുവരി ഒന്നുമുതലാണു പുതിയ വില വർധനവ് പ്രാബല്യത്തിൽ വരുന്നത്. ഒരു ലിറ്റർ പെട്രോളിന് 25 പെസോസാണു നിലവിൽ വില (ഏകദേശം 86.64 രൂപ). ഫെബ്രുവരി മുതൽ ഇത് 132 പെസോസാകും (457.50 രൂപ). വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവു രൂക്ഷമാവുകയും ഇന്ധനവിലയിൽ വലിയ വർധനവ് ഉണ്ടാവുകയും ചെയ്തതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ക്യൂബയിലെ ജനങ്ങൾ.
ലോകത്തില്‍ ഏറ്റവും വിലക്കുറവില്‍ ഇന്ധനം ലഭ്യമാകുന്നത് ക്യൂബയിലാണെന്നും ഇന്ധനവില അതെസ്ഥിതിയിൽ തന്നെ തുടരുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി അലേജാൻഡ്രോ ഗിൽ അറിയിച്ചു. ഗ്യാസിന്റെയും വൈദ്യുതിയുടെയും വിലയും സർക്കാർ തിങ്കളാഴ്ച വർധിപ്പിച്ചിരുന്നു. വൈദ്യുതി വിലയിൽ 25% വർധനവാണു വരുത്തിയിരിക്കുന്നത്. വലിയ വിലക്കയറ്റം ഇനിയും രാജ്യത്തുണ്ടാകുമെന്നാണു ക്യൂബൻ ജനങ്ങൾ പറയുന്നത്.
‘‘മറ്റു രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ക്യൂബയിലെ ഇന്ധനവില കുറഞ്ഞതായിരിക്കും എന്നാൽ രാജ്യത്തു വിതരണം ചെയ്യുന്ന ശമ്പളവുമായി താരതമ്യം ചെയ്തുനോക്കുകയാണെങ്കിൽ ഇവിടെ ഇന്ധനത്തിന് അമിതവിലയാണ്’’ – സാമ്പത്തിക വിദഗ്ദ്ധൻ ഒമർ എവർലെനെ പേർസ് അറിയിച്ചു. 2023 ൽ നാണയപ്പെരുപ്പം 30% വർധിച്ചതോടെ ക്യൂബൻ സമ്പദ് വ്യവസ്ഥ രണ്ടുശതമാനമായി ചുരുങ്ങിയെന്നു അധികൃതർ പറഞ്ഞു. കോവിഡ് പ്രതിസന്ധിയും യുഎസ് ഉപരോധവും ക്യൂബയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.