കൊച്ചി: വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന് മൂന്ന് സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി ഹൈക്കോടതി.
അമ്ബതു പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം കുറഞ്ഞിട്ട് വര്‍ഷങ്ങളായെന്നും സര്‍ക്കാരും വിദ്യാര്‍ഥി സംഘടനകളും മാറിയ സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു. വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷനുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിരീക്ഷണം.
കണ്‍സഷൻ വര്‍ദ്ധിപ്പിക്കല്‍ സര്‍ക്കാരിന്റെ നയതീരുമാനമാണ്. അതില്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ല. കണ്‍സഷൻ വര്‍ദ്ധനയ്ക്കായി ബസ് ഉടമകള്‍ക്ക് സര്‍ക്കാരിനെയും ഗതാഗതവകുപ്പിനെയും സമീപിക്കാം. അതേസമയം, കണ്‍സഷൻ നിലവിലുള്ള സാഹചര്യത്തില്‍ വിദ്യാര്‍ഥികളോടു വിവേചനപരമായി പെരുമാറാൻ ബസുടമകള്‍ക്കും ജീവനക്കാര്‍ക്കും കഴിയില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഒരേ പദവിയാണുള്ളതെന്നും കോടതി വ്യക്തമാക്കി.
തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശി സിറാജ്, കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജോസഫ് ജോണ്‍, വൈക്കം തലയാഴം സ്വദേശി വി പി ഉണ്ണിക്കൃഷ്ണൻ എന്നീ ബസ് ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്കെതിരെ കോതമംഗലം ജുഡി. ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കുറ്റപത്രങ്ങള്‍ റദ്ദാക്കി. ബസില്‍ കയറ്റാത്തതിനെച്ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.