
കല്യാണ സദ്യയില്‍ രണ്ടാമതും പപ്പടം നല്‍കിയില്ല. തുടര്‍ന്ന് സദ്യാലയത്തില്‍ നടന്നത് കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് സംഭവം. കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മുരളീധരന്‍ (65) ജോഹന്‍ (24 ) ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കരീലകുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയില്‍ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമത് പപ്പടം നല്‍കാനാകില്ലെന്ന് വിളമ്പുന്നവര്‍ അറിയിച്ചതോടെ വാക്കുതര്‍ക്കമായി.
വാക്കുതര്‍ക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇന്നലെ രണ്ടുമണിക്ക് നടന്ന സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.