
കൊല്ലം: കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ മുരളീധരന്റെ മകന്‍ രാഹുല്‍(29) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു മരണം.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.നേരത്തെ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായി കുന്നിക്കോട് എത്തിയ സിദ്ദിഖിനെ വിഷ്ണുവും കൂട്ടരും ചേര്‍ന്ന് മർദ്ദിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി വിഷ്ണുവിനെയും വിനീതിനെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലേക്ക് സിദ്ദിഖിന്റെ ആളുകള്‍ വിളിപ്പിക്കുകയും തുടര്‍ന്ന് അടിപിടിയിലെത്തുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയുടെ ഉപകരണങ്ങളും കണ്ണാടിച്ചിലുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഓപ്പറേഷന്‍ തീയേറ്ററിലും പ്രസവ മുറിയിലുമടക്കം അക്രമികള്‍ ഓടികയറുകയുണ്ടായി. ഇവിടെവച്ചാണ് മൂന്നുപേര്‍ക്കും കുത്തേറ്റത്. രാഹുലിന് സാരമായ പരിക്കേറ്റിരുന്നു.
കേസില്‍ അറസ്റ്റിലായ കൊല്ലം കരിക്കോട് മുണ്ടോലി താഴേതില്‍ അഖില്‍(26), കൊട്ടാരക്കര പള്ളിയ്ക്കല്‍ വിജയഭവനില്‍ വിജയകുമാര്‍(24), കൊട്ടാരക്കര പുലമണ്‍ ശ്രേയസ് ഭവനില്‍ ലിജിന്‍(31), നെടുവത്തൂര്‍ കുറുമ്പാലൂര്‍ സരസ്വതി വിലാസത്തില്‍ സജയകുമാര്‍(സന്തോഷ്-28) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും രാഹുലിന്റെ മരണത്തോടെ കേസ് കൊലപാതകമായി മാറി.