
ജയ്പൂർ∙ രാജസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നു. വ്യോമസേനയുടെ തദ്ദേശീയ നിർമിത യുദ്ധവിമാനമായ തേജസാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണത്. ജയ്‌സല്‍മറിലെ കുട്ടികളുടെ ഹോസ്റ്റലിനു അടുത്താണ് അപകടമുണ്ടായത്. ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ സംയുക്ത അഭ്യാസപ്രകടനം രാജസ്ഥാനിലെ പൊഖ്റാനിൽ നടക്കുന്ന സന്ദർഭത്തിലാണ് തേജസ് തകർന്നത്. പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. അപകടകാരണം കണ്ടെത്താന്‍ വ്യോമസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
കര,നാവിക,വ്യോമസേനകളുടെ സംയുക്ത അഭ്യാസപ്രകടനമായ ഭാരത് ശക്തി കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊഖ്റാനിലെത്തിയിരുന്നു. തേജസ് യുദ്ധ വിമാനങ്ങളും ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു. 30 രാജ്യങ്ങളിലെ പ്രതിനിധികളടക്കമുള്ളവർ പ്രകടനം നിരീക്ഷിച്ചു. ആദ്യമായാണ് തേജസ് വിമാനം തകരുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡ് രൂപകല്പന ചെയ്തു നിർമിച്ച തേജസ് വ്യോമസേനയുടെ വിശ്വസ്ത വിമാനമായാണ് അറിയപ്പെടുന്നത്. റഷ്യൻ നിർമിത മിഗ് വിമാനങ്ങൾക്കു പകരക്കാരനായാണ് തേജസ് സേനയിൽ സ്ഥാനം പിടിച്ചത്.