ദോഹ: ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറിന് വ്യോമസുരക്ഷ ഒരുക്കാന്‍ ബ്രിട്ടിനില്‍ നിന്നുള്ള ഫൈറ്റര്‍ ജെറ്റുകളും ഖത്തറിലെത്തി. ഖത്തര്‍ അമീരി എയര്‍ ഫോഴ്‌സിന്റെ ദുഖാന്‍ എയര്‍ബേസിലാണ് അത്യാധുനിക യുദ്ധ വിമാനങ്ങളായ ടൈഫൂണ്‍ 12 സ്‌ക്വാഡ്രണുകള്‍ എത്തിയത്. വ്യോമ സുരക്ഷ ഒരുക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയതാണ് 12 സ്‌ക്വാഡ്രണ്‍ ഫൈറ്റര്‍ ജെറ്റുകള്‍. ലോകകപ്പ് വേളയില്‍ ഖത്തറിന് വ്യോമ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തേ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് യുദ്ധ വിമാനങ്ങള്‍ ഖത്തറിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അമീരി എയര്‍ ഫോഴ്‌സും യുകെ
റോയല്‍ എയര്‍ ഫോഴ്‌സും തമ്മില്‍ 2018ല്‍ തന്നെ കരാറിലെത്തിയിരുന്നു. ഖത്തര്‍, ബ്രിട്ടീഷ് വ്യോമസേനയുടെ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ ദുഖാന്‍ വ്യോമ താവളത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
അതിനിടെ, ഖത്തര്‍ ലോകകപ്പിന്റെ അന്തിമ ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തി. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും ഖത്തറിലേതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ദോഹ എക്‌സിബിഷന്‍ സെന്റര്‍ (ഡിഇസി), ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ (ഡിഇസിസി), ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ (ക്യുഎന്‍സിസി) തുടങ്ങിയ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രധാന കേന്ദ്രങ്ങളാണ് ഫിഫ പ്രസിഡന്റ് സന്ദര്‍ശിച്ചത്. ഇവിടത്തെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാവുന്ന എട്ട് മനോഹര സ്‌റ്റേഡിയങ്ങള്‍ക്കു പുറമെ, ഇവയ്ക്കു പുറത്തും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിന് പുറത്തുള്ള സംവിധാനങ്ങളും മികച്ച സംഘാടനത്തില്‍ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റ് ഓഫീസ്, പ്രധാന ഓപറേഷന്‍ കേന്ദ്രം, ഐ.ടി കമാന്‍ഡ് സെന്റര്‍, പ്രധാന വളണ്ടിയര്‍ കേന്ദ്രം, അക്രഡിറ്റേഷന്‍ കേന്ദ്രം എന്നിവയെല്ലാം കതാറക്ക് സമീപത്തുള്ള ദോഹ എക്‌സിബിഷന്‍ സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്. വെസ്റ്റ് ബേയിലുള്ള ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ടൂര്‍ണമെന്റ് കാലയളവിലേക്കുള്ള പ്രധാന ടിക്കറ്റിംഗ് കേന്ദ്രവും ഹയ്യാ സേവന കേന്ദ്രവുമാണ് പ്രവര്‍ത്തിക്കുന്നത്. അല്‍
റയ്യാനിലെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിംഗ് കേന്ദ്രവും പ്രധാന മീഡിയാ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാനെത്തുന്ന ലക്ഷക്കണക്കിന് ആരാധകരെ വിസ്മയിപ്പിക്കാന്‍ ദോഹ കോര്‍ണിഷില്‍ പ്രത്യേക വാട്ടര്‍ഷോയും ഒരുങ്ങുന്നു. എല്ലാ ദിവസവും വൈകിട്ട് ഏഴ് പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതല്‍ 5.30 വരെയുള്ള സമയങ്ങളില്‍ 30 മിനുട്ട് ഇടവേളകളില്‍ ആറ് ഷോകള്‍ നടക്കും. ഒന്‍പത് മണിക്ക് നടക്കുന്ന ഏഴാമത്തെ വാട്ടര്‍ ഷോ ഏറ്റവും വലുതായിരിക്കുമെന്നും പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പില്‍ ആരാധകരുടെ പ്രധാന ആഘോഷ, വിനോദ കേന്ദ്രങ്ങളിലൊന്നാണ് ദോഹ കോര്‍ണിഷ്. കാര്‍ണിവലിന് സമാനമായ പരിപാടികളാണ് ഷെറാട്ടണ്‍ മുതല്‍ ഇസ്ലാമിക് മ്യൂസിയം
വരെയുള്ള ആറ് കിലോമീറ്ററില്‍ ഒരുക്കുന്നത്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വിസില്‍ മുഴങ്ങുന്ന നവംബര്‍ 20 മുതല്‍ ഫൈനല്‍ പോരാട്ടം നടക്കുന്ന ഡിസംബര്‍ 18 വരെ ഈ കാഴ്ചകള്‍ ആസ്വദിക്കാം. ഇതോടൊപ്പം തന്നെ മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനങ്ങളും കലാപരിപാടികളും സംഗീതക്കച്ചേരികളും നടക്കുന്ന സൂഖ് വാഖിഫ്, അല്‍ ബിദ്ദ പാര്‍ക്ക് എന്നിവിടങ്ങളിലെ ഒരുക്കങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.