സെക്കന്‍റ് ഷോകള്‍ അനുവദിക്കാത്തതിനാല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബര്‍. സര്‍ക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കാത്തതില്‍ ഫിലിം ചേംബറിന് അമര്‍ഷമുണ്ട്. തീരുമാനമെടുക്കാന്‍ ഫിലിം ചേംബര്‍ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികള്‍ സംഘടനകള്‍ സര്‍ക്കാരിന് മുമ്ബാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകള്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഫിലിം ചേംബര്‍ കത്ത് നല്‍കിയിരുന്നു. തിയറ്ററുകള്‍ക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ് ഷോയിലൂടെ ആണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സെക്കന്‍റ് ഷോ അനുവദിക്കാത്തതിനാല്‍ രണ്ടാഴ്ചയായി പുതിയ സിനിമകള്‍ റിലീസ് ചെയ്തിട്ടില്ല.
സര്‍ക്കാരില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബര്‍ യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തത്. നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മന്ത്രി എ കെ ബാലന്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനം ഇന്ന് യോഗത്തില്‍ ഉണ്ടായേക്കും. നിര്‍മാതാക്കളും വിതരണക്കാരും യോഗത്തില്‍ ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.