Spread the love

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍. നിര്‍മാതാക്കള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ 24 ന് കൊച്ചിയില്‍ സംഘടനയുടെ യോ​ഗം ചേരുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം മുതല്‍ ആരംഭിച്ച സിനിമാ മേഖലയിലെ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണവും രൂക്ഷവും ആവുകയാണ്.

സിനിമാ മേഖലയില്‍ ഏറെക്കാലമായി ചര്‍ച്ചയില്‍ നില്‍ക്കുന്ന താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയും എല്ലാം പറഞ്ഞുകൊണ്ടുള്ളതായിരുന്നു സുരേഷ് കുമാറിന്‍റെ വാര്‍ത്താ സമ്മേളനം. താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെതിരെ രം​ഗത്തെത്തിയതോടെയാണ് സിനിമാ മേഖലയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഉയര്‍ന്ന ബജറ്റിനെക്കുറിച്ചടക്കം സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെയടക്കം വിമര്‍ശിച്ച്, സുരേഷ് കുമാറിന്‍റെ ആരോപണങ്ങള്‍ക്ക് എണ്ണമിട്ട് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ആന്‍റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.ഈ പോസ്റ്റ് യുവതാരങ്ങള്‍ അടക്കം പങ്കുവച്ച് രം​ഗത്തെത്തിയതിന് പിന്നാലെ സുരേഷ് കുമാറിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസ്താവന ഇറക്കി.

വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ സമരപ്രഖ്യാപനത്തില്‍ താരസംഘടനയായ അമ്മയുടെ ഭാ​ഗം അറിയിച്ചുകൊണ്ട് ജയന്‍ ചേര്‍ത്തലയും എത്തി. എന്നാല്‍ ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശങ്ങളില്‍ നിർമാതാക്കൾക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. അമ്മയ്ക്ക് ശക്തമായ മറുപടി കൊടുക്കണമെന്നാണ് ഒരു വിഭാഗം നിർമാതാക്കൾ പറയുന്നത്. അതേസമയം ആന്‍റണി പെരുമ്പാവൂരിന് ഐക്യദാര്‍ഢ്യം പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും ഇന്നലെ രം​ഗത്തെത്തിയിരുന്നു.

Leave a Reply