സുരേഷ് ഗോപി നായകനാകുന്ന ജെസ്‌കെ: ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ചലച്ചിത്ര സംഘടനകൾ. സിനിമയ്ക്ക് പൂർണ പിന്തുണയുമായി ഫെഫ്ക രംഗത്ത് എത്തി. സിനിമയുടെ ട്രെയ്‌ലറും ടീസറും അംഗീകരിച്ച സെൻസർ ബോർഡ് സിനിമയ്ക്ക് മറ്റൊരു മാനദണ്ഡമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ.
തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്ക അറിയിച്ചു.
ഇന്നലെ സിനിമയുടെ സംവിധായകനുമായി ദീർഘമായി സംസാരിച്ചു. സിനിമ കണ്ടതിന് ശേഷം കമ്മിറ്റി അംഗങ്ങൾ സംവിധായകനെ കണ്ടിരുന്നു. അവരുടെ ഒരേ ഒരു ആവശ്യം ആ കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു. സിനിമയെ വളരെ അധികം അഭിനന്ദിച്ചാണ് സംസാരിച്ചത്. സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് സംവിധാന മികവും നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിന് ശേഷം അവർ പറഞ്ഞത് ഈ പേര് മാറ്റണം എന്നായിരുന്നു.
പേര് മാറ്റുമ്പോൾ സ്വാഭാവികമായും ടൈറ്റിൽ നിന്നും പേര് മാറ്റേണ്ടി വരും. കാരണമായി അവർ ചൂണ്ടിക്കാണിച്ചത് സമാനായി ഇതിന് മുൻപ് രണ്ട് തവണ ഉണ്ടായിട്ടുണ്ട് എന്നാണ്. ഒന്ന് മലയാളിയായ പത്മകുമാറിന്റ സിനിമയിൽ നിന്ന് ജാനകി എന്ന പേര് മാറ്റി ജയന്തി എന്നാക്കേണ്ടി വന്നിട്ടുണ്ട്, മറ്റൊന്ന് വിവേക് അക്നി ഹോത്രിയുടെ സിനിമയാണ്. രണ്ടിടത്തും അവരുടെ നിർദേശം സ്വീകരിക്കപ്പെട്ടു. പേര് മാറ്റി. അങ്ങനെ ഉള്ളപ്പോൾ ഇതിന് ബുദ്ധിമുട്ട് ഉണ്ട്
അവരുടെ സംസാരത്തിൽ സംവിധായകന് തോന്നിയത് എന്തായാലും ഇത് കോടതിൽ പോയി കോടതി തീരുമാനിച്ചാൽ പ്രശ്നം ഇല്ലാലോ. അതുകൊണ്ട് അവരായി ഒരു നിലപാട് എടുക്കുന്നില്ല എന്നാണ് മനസിലാകുന്നത്. എന്നാൽ ഇവിടെ സങ്കടമായി മൂന്ന് നാല് ചോദ്യങ്ങൾ ഉണ്ട്. ഈ സിനിമയുടെ ട്രെയ്‌ലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണ്. ഇതേ കഥാപാത്രത്തിന്റെ പേരാണ് ട്രൈലറിലും ടീസറിലും ഉള്ളത്. ഇത് കേരളത്തിലെ തിയേറ്ററുകളിൽ ഒരു മാസകാലം പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് ഒരു ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിയില്ല. അപ്പോൾ ടീസറിനും ട്രെയ്‌ലറിനും ഒരു മാനദണ്ഡം. സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം
തിരുവനന്തപുരത്ത് പ്രാദേശിക കമ്മിറ്റി കണ്ട സിനിമ മുംബൈയിലേക്ക് അയക്കുകയായിരുന്നു. സിനിമ കാണാതെ അതിന്റെ ചുരുക്കമായ സിനോപ്‌സിസ് മാത്രം വായിച്ചുകൊണ്ട് മാത്രം സിബിഎഫ്‌സി ചെയര്‍മാന്‍ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടുന്നത്. ഇത് ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടിയുള്ള പോരാട്ടമല്ല. ചിത്രത്തിന്റെ നിര്‍മാതാക്കളും വലിയ ആശങ്കയിലാണ്. എത്രനാള്‍ കോടതിയില്‍ കയറി ഇറങ്ങും. പേര് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായാലും അത്ഭുതമില്ല. നാളെ ഒരു സിനിമയ്ക്കും ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകരുത്, ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു.






