Spread the love

ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക്ക പോലുള്ള ഒരു സംഘടനയുടെ തലപ്പത്ത് വർഷങ്ങളായി ബി ഉണ്ണികൃഷ്ണൻ ഇരിക്കുന്നത് എങ്ങനെയാണെന്നും തുടർച്ചയായി പടങ്ങൾ പരാജയമായിട്ടും സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ ലഭിക്കുന്നത് എങ്ങനെയാണെന്നും സാന്ദ്ര തോമസ് ചോദിച്ചു.

‘2008 വരെ 4 സിനിമകൾ മാത്രം ചെയ്ത ബി ഉണ്ണികൃഷ്ണൻ മാക്ട പിളർത്തി ഫെഫ്ക്ക രൂപീകരിച്ചതോടെ 23 സിനിമകളിൽ കൂടുതലാണ് ചെയ്തത്. അതെല്ലാം സൂപ്പർ താര ചിത്രങ്ങളായിരുന്നു. എങ്ങനെയാണ് തുടർച്ചയായി സിനിമകൾ പരാജയമായിട്ടും ബി ഉണ്ണികൃഷ്ണന് സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്?’ സാന്ദ്ര തോമസ് ചോദിച്ചു. ബി ഉണ്ണികൃഷ്ണന് മാത്രമല്ല പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാക്കൾ ആയിരിക്കുന്ന ആളുകൾക്ക് എല്ലാം സൂപ്പർതാരങ്ങളുടെ ഡേറ്റുകൾ കിട്ടുന്നുണ്ടെന്നും ചിത്രങ്ങൾ പരാജയപ്പെട്ടാലും വീണ്ടും ഡേറ്റുകൾ ലഭിക്കുന്നെന്നും സാന്ദ്ര ആരോപിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പവർ ഗ്രൂപ്പിലെ 7 പേർ ഉണ്ടെന്നും തന്നെ ഒതുക്കാൻ ശ്രമിക്കുന്നത് ഇവരാണെന്നും സാന്ദ്ര പറഞ്ഞു. തന്നെ പുറത്താക്കാനുള്ള നടപടിയിൽ ചുക്കാൻ പിടിച്ചത് ഫെഫ്ക ജനറൽ സെക്രട്ടറിയാണ്. ഒരു നെക്സസിനെതിരെ പൊരുതുക എളുപ്പമല്ലെന്നും തന്നെ മോശക്കാരിയാക്കി പുറത്താക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സാന്ദ്ര പ്രതികരിച്ചു.തനിക്കെതിരെ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ അതിൽ ഭയമില്ല. ആത്മാഭിമാനമാണ് തനിക്ക് വലുതെന്നും സാന്ദ്ര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് അവരെ പുറത്താക്കിയത്.

Leave a Reply