സിനിമ മേഖലയിൽ ലഹരി ഉപയോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നുവെന്ന ചർച്ചകൾ അടുത്തിടെ ഉയർന്നിരുന്നു. വിഷയം പൊതുസമൂഹം കൂടി ചർച്ച ആക്കിയതോടെ സിനിമ മേഖലയിലെ കുറ്റകൃത്യങ്ങളിലേക്കും സിനിമകളുടെ ഉള്ളടക്കത്തിലെ വയലൻസുകളിലേക്കും വരെ ചർച്ചകൾ എത്തിയിരുന്നു. ഇപ്പോഴിതാ ആലപ്പുഴയിൽ യുവതി ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെട്ടതോടെ വീണ്ടും ലഹരിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്.
അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് നടൻ ശ്രീനാഥ് ഭാസിയുമായും ഷൈൻ ടോം ചാക്കോയുമായും ഇടപാടുകൾ ഉണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുൻപും ഇത്തരം ആരോപണങ്ങളുമായി ഉയർന്നു കേട്ട പേരുകളാണ് ഇരുവരുടെയും. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും നടന്മാർക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. സിനിമ മേഖലയിലെ ലഹരി ഉപയോഗം പൊതുസമൂഹം വീണ്ടും ചർച്ചയാക്കുന്നതിനിടെ നടി വിൻസി അലോഷ്യസ് ഒരു പരിപാടിയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
‘കെ സി വൈ എം അങ്കമാലി മേജർ അതിരൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിൻ കൂടിയാണ് അതിന്റെ മെയിൻ ഉദ്ദേശം. ഞാൻ നിങ്ങൾക്ക് മുന്നിൽ ഒരു കാര്യം പറയാൻ പോകുകയാണ്. ചിലപ്പോൾ ഈയൊരു തീരുമാനമെടുക്കുന്നതിന്റെ പേരിൽ മുന്നോട്ടുപോകുമ്പോൾ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും. എങ്കിലും ഞാൻ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാൻ സിനിമ ചെയ്യില്ല.’- വിൻസി പറഞ്ഞു.