Spread the love

മലയാള സിനിമയിലെ പ്രധാന റിലീസിം​ഗ് സീസണുകളില്‍ ഒന്നായ വിഷു- ഈസ്റ്റര്‍ സീസണിന് തിയറ്ററുകളില്‍ ഇന്ന് തുടക്കമാവുകയാണ്. മൂന്ന് സിനിമകളാണ് മലയാളത്തില്‍ നിന്ന് ഇക്കുറി എത്തുന്നത്. നവാ​ഗതനായ ഡീനോ ഡെന്നിസിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ബസൂക്ക, ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനാവുന്ന ആലപ്പുഴ ജിംഖാന, നവാ​ഗതനായ ശിവപ്രസാദിന്‍റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനാവുന്ന മരണമാസ്സ് എന്നിവയാണ് അവ. തിയറ്റര്‍ വ്യവസായം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രങ്ങളുടെ ആദ്യ പ്രതികരണങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. അതേസമയം ഈ ചിത്രങ്ങള്‍ നേടിയിട്ടുള്ള അഡ്വാന്‍സ് ബുക്കിം​ഗ് ഫൈനല്‍ കണക്കുകള്‍ ഇതിനകം പുറത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ബസൂക്ക നേടിയിരിക്കുന്നത് 1.50 കോടിയാണെന്ന് ട്രാക്കര്‍മാര്‍ പറയുന്നു. ആലപ്പുഴ ജിംഖാന 1.45 കോടിയും മരണമാസ്സ് 29 ലക്ഷവുമാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്നും. അതേസമയം ഇന്ന് തന്നെ തിയറ്ററുകളില്‍ എത്തുന്ന അജിത്ത് കുമാറിന്‍റെ തമിഴ് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി 34.75 ലക്ഷമാണ് നേടിയിരിക്കുന്നത്.

നസ്‍ലെനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച കേരള അഡ്വാന്‍സ് സെയില്‍സ് ആണ് ആലപ്പുഴ ജിംഖാനയിലൂടെ നേടിയിരിക്കുന്നത്. പ്രേമലു നേടിയ 96 ലക്ഷമാണ് ഇതിന് മുന്‍പുള്ള ബെസ്റ്റ് എന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 2 കോടിയിലേറെ അഡ്വാന്‍സ് ബുക്കിം​ഗും ചിത്രം നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Leave a Reply