ഒടുവിൽ അജിതയെ തേടിയെത്തി, മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്കാരം
എറിയാട് പഞ്ചായത്തിലെ അമ്പത്തിയൊന്നാം നമ്പർ സെന്റർ അങ്കണവാടിയിലെ കുട്ടികൾക്ക് അജിത എന്ന പേര് വെറും ഹെൽപ്പറുടേതല്ല. അവർക്ക് അജിത ഒരമ്മ കൂടിയാണ്. വീട് വിട്ടാൽ ചെന്നെത്തുന്ന മറ്റൊരു വീട്ടിലെ അമ്മ. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്‌കാരം അജിതയെ തേടിയെത്തിയതിൽ അത്ഭുതമില്ല.
20 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അങ്കണവാടിയിലെ ഏക ഹെൽപ്പറാണ്
കെ വി അജിത. കുരുന്നുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, മരുന്നുകൾ അർഹരായവർക്ക് എത്തിച്ച് നൽകൽ തുടങ്ങി അങ്കണവാടി പ്രസ്ഥാനം ലക്ഷ്യം വെക്കുന്ന മേഖലകളിലെല്ലാം അജിത കൂടെയുണ്ട്. പച്ചക്കറിതോട്ടവും പൂന്തോട്ടവും ക്രാഫ്റ്റിങ്ങും പാചകത്തിലുമെല്ലാം അജിതയുടെ കരവിരുതാണ് അമ്പത്തിയൊന്നാം നമ്പർ അങ്കണവാടിയിൽ കാണാൻ കഴിയുക.
മൂന്നും നാലും വയസ്സിൽ വീട് വിട്ടെത്തുന്ന കുരുന്നുകൾക്ക് അങ്കണവാടി ടീച്ചർക്കൊപ്പം അജിത കൂടി അമ്മയാകുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പുരസ്‌കാരത്തിന് അജിതയെ പരിഗണിച്ചിരുന്നു. ഒടുവിൽ ഈ വർഷമാണ് പുരസ്‌ക്കാരം അജിതയെ തേടിയെത്തിയത്. ഏറെ ആദരവോടെയാണ് ബഹുമതിയെ കാണുന്നതെന്ന് അജിത പറഞ്ഞു. കൊടുങ്ങല്ലൂർ ഐ സി ഡി എസ് രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പുരസ്ക്കാരം എറിയാട് ഗ്രാമപഞ്ചായത്തിലേയ്ക്ക് എത്തിചേരുന്നത്. എറിയാട് തയ്യിൽ വീട്ടിൽ സനലാണ് അജിതയുടെ ഭർത്താവ്.
അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്കാരം നേടിയ അജിതയെ എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് പ്രസീന റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. അസീം, നജ്മൽ ഷക്കീർ, പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ ഷാജഹാൻ, തമ്പി ഇ കണ്ണൻ, സുമിത ഷാജി, വി ബി പ്രവീൺ എന്നിവർ പങ്കെടുത്തു.