ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും സിഎംഡിആർഎഫിലേക്ക് അയക്കുന്ന പണം വയനാടിന് ലഭിക്കുമെന്ന് വിശ്വാസമില്ലെന്നും പറഞ്ഞ സംവിധായകനും ബിഗ്‌ബോസ് സീസൺ 6 താരവുമായ അഖിൽ മാരാർ ഒടുവിൽ 1 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന പ്രഖ്യാപനം നടത്തിയതാണിപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ദുരിതാശ്വാസ നിധിയെകുറിച്ചുള്ള സംശയങ്ങൾക്ക് വ്യക്തമായി മറുപടി നൽകിയാൽ താൻ 1 ലക്ഷം രൂപ നൽകുമെന്ന് അഖിൽ വെല്ലുവിളിച്ചിരുന്നെങ്കിലും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും വ്യക്തമായ മറുപടി വന്നിട്ടും അഖിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ ‘എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു’ എന്ന തരത്തിൽ വീണ്ടുമൊരു പോസ്റ്റ് അഖിലിന്റെ പേജിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
പോസ്റ്റ് വായിക്കാം:
‘ചോദ്യം തീ പിടിപ്പിക്കും എങ്കിൽ അത് കെടുത്താൻ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കൻ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാൻ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങൾക്ക് ഒരായിരം സ്നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകൾ കൂടി ബോധ്യപ്പെടുത്തിയാൽ തകർന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ചത് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്.. അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ജനങ്ങളുടെ സംശയങ്ങൾക്ക് ഇത് പോലെ മറുപടി നൽകു….വ്യക്തമല്ലാത്ത പൂർണതയില്ലാത്ത വെബ്സൈറ്റ് വിവരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്ക് കാരണം…ഇനി ആർക്കൊക്കെ ആണ് ലാപ്ടോപ് നൽകിയതെന്ന് കണക്കുകൾ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങൾക്ക് ആവശ്യം. ഇനിയും ചോദ്യങ്ങൾ ഉയരും…’
എന്നാൽ മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയിട്ടും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാമെന്നേറ്റ 1 ലക്ഷത്തെ കുറിച്ച് പരാമർശിക്കാതായതോടെ കമന്റുകളിൽ വിമർശനം നിറയുകയായിരുന്നു. ഇതേതുടർന്ന് ഇതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് അഖിൽ പ്രഖ്യാപിക്കുകയായിരുന്നു.