പാലക്കാട്: കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിന് അപേക്ഷ സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പ് സംഘടിപ്പിച്ച അദാലത്തിൽ 530 ഓളം പേർ പങ്കെടുത്തു. അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകൾ നിരസിച്ചവർക്ക് അപ്പീൽ നൽകുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. എ ഡി എം കെ. മണികണ്ഠന്റെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
ഭൂരേഖ തഹസിൽദാർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ 13 കൗണ്ടറുകളിലായാണ് അപേക്ഷകൾ സ്വീകരിച്ചത്. അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ടിയാണ് അദാലത്ത് സംഘടിപ്പിച്ചത്.
ഹുസൂർ ശിരസ്തദാർ അബ്ദുൾ ലത്തീഫ്, ജൂനിയർ സൂപ്രണ്ട് അക്ബർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അദാലത്തിന് നേതൃത്വം കൊടുത്തു.