Spread the love

കൊച്ചി ∙ മലയാള സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടെ അപ്രതീക്ഷിതമായി ഉടലെടുത്ത പ്രതിസന്ധിയില്‍ ‘ആന്റി ക്ലൈമാക്സ്’. ഫെബ്രുവരി 23 മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാട് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഏകപക്ഷീയമായി പിൻവലിച്ചു.

തിയറ്റർ അടച്ചിടുകയോ പ്രദർശനം നടത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഷേധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫിയോക് ചെയര്‍മാൻ ദിലീപ് വ്യക്തമാക്കി.ഫലത്തിൽ ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രസ്താവന പൂർ‍ണമായി തള്ളുന്നതായി ദിലീപിന്റെ പ്രഖ്യാപനം. ആന്റണി പെരുമ്പാവൂരാണ് ഫിയോക്കിന്റെ വൈസ് ചെയർമാൻ. അതേ സമയം, ഫിയോക് സമരം ചെയ്താലും ഇല്ലെങ്കിലും പ്രശ്നമില്ലെന്നും ഇനി ചർച്ചയ്ക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ വ്യക്തമാക്കി.

പ്രതിസന്ധി കൊടുമ്പിരി കൊണ്ടതോടെ ഫിയോക്കിനുള്ളില്‍ തന്നെ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. തിയറ്റർ ഉടമകള്‍ തന്നെ മലയാള സിനിമകള്‍ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ രംഗത്തു വന്നു. ഒട്ടേറെ മലയാള സിനിമകള്‍ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോള്‍ സിനിമ വ്യവസായത്തെ തളർത്താനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്നായിരുന്നു വിമർശനം. പ്രോജക്ടറുകളുടെ വില തിയറ്റർ ഉടമകൾ മുടക്കേണ്ടി വരുന്ന സാഹചര്യം, നിര്‍മാതാക്കൾ പറയുന്നവ വാങ്ങാനുള്ള അസൗകര്യം, 42 ദിവസത്തിനുള്ളില്‍ സിനിമ ഒടിടി റിലീസ് ചെയ്യുന്നു തുടങ്ങിയവ ആയിരുന്നു ഫിയോക് തങ്ങളുടെ തീരുമാനത്തിന് കാരണമായി പറഞ്ഞിരുന്നത്.

ഫെബ്രുവരി 22 മുതല്‍ ആയിരുന്നു ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് ഒരു ദിവസം കൂടി നീട്ടി. അതിനിടെ, ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരും വാർത്താ സമ്മേളനം വിളിച്ചു. പിന്നാലെ അതേ സമയത്തു തന്നെ ഫിയോക് ചെയർമാൻ എന്ന നിലയിൽ ദിലീപും വാർത്താ സമ്മേളനം വിളിച്ചു. ഇതോടെ നിര്‍മാതാക്കളും വിതരണക്കാരും വാർത്താ സമ്മേളനം 5 മണിയിലേക്ക് മാറ്റി. നാലു മണിക്ക് നടന്ന വാർത്താ സമ്മേളനത്തിലാണ് ഫിയോക് ഒരു ചിത്രവും പ്രദർശിപ്പിക്കാതിരിക്കില്ലെന്നും ഇപ്പോഴുള്ളത് ‘സഹോദര സംഘടന’കളുമായുള്ള ചില പ്രശ്നങ്ങള്‍ മാത്രമാണെന്നും ദിലീപ് പറഞ്ഞത്.

Leave a Reply