വി ഡി സവര്‍ക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കറും ശിവസേന എംപി രാഹുല്‍ ഷെവാലെയും നല്‍കിയ പരാതികളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്വാതന്ത്ര്യ സമര സേനാനിയെ രാഹുല്‍ അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍പും അവര്‍ സവര്‍ക്കറെ അപമാനിച്ചിട്ടുണ്ട്, അതിനാല്‍ ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശരദ് പവാറിനെതിരെ അഭിപ്രായപ്രകടനം നടത്തിയ ഒരു സ്ത്രീയെ ഒരു മാസത്തോളം ജയിലില്‍ പാര്‍പ്പിച്ചു. പവാറിനേക്കാള്‍ വലിയ നേതാവാണ് സവര്‍ക്കര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം’, രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യാ ഗവണ്‍മെന്റ് ആര്‍ക്കൈവില്‍ നിന്ന് വീണ്ടെടുത്ത സവര്‍ക്കറും മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിയ കത്തുകളും അദ്ദേഹം പങ്കുവെച്ചു.
ചൊവ്വാഴ്ച ഭാരത് ജോഡോ യാത്രയ്ക്കിടെ സംഘടിപ്പിച്ച ഗോത്രവര്‍ഗ കണ്‍വെന്‍ഷനിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിന് ആധാരം. സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങാറുണ്ടെന്നും കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കാറുണ്ടെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ‘ആന്‍ഡമാന്‍ ജയിലില്‍ വെച്ച് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു കത്തെഴുതി. തന്നോട് ക്ഷമിച്ച് ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നായിരുന്നു അപേക്ഷ. സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങി. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം അദ്ദേഹം ബ്രിട്ടീഷുകാരുടെ നിര്‍ദ്ദേശം അംഗീകരിക്കുകയും അവരുടെ സേനയില്‍ ചേരുകയും ചെയ്തു,” രാഹുല്‍ ഗാന്ധി പറഞ്ഞു.