റാപ്പർ വേടനും സംഘവും അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്
അതിനാൽ കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്‌ഐആറിൽ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വിൽപ്പനയ്‌ക്കെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്ക് എന്ന ആളാണെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം പുലിപ്പല്ല് കേസിൽ വനംവകുപ്പിന്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്.