ഇന്ത്യൻ സിനിമകളോട് വലിയ സ്നേഹം പ്രകടിപ്പിക്കുന്നയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഐപിഎല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള സ്നേഹവും തുടങ്ങുന്നത്. പല ഇന്ത്യന്‍ സിനിമാഗാനങ്ങളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയാണ്.

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 വിലെ ‘പുഷ്പ പുഷ്പ പുഷ്പ രാജ്’ എന്ന ഗാനത്തിന് ഡേവിഡ് വാർണർ ചുവടുവെച്ച വീഡിയോ വെെറലായതിനൊപ്പം വാര്‍ത്തകളിലും ഇടം നേടിയിരുന്നു. ഇതിന് മുൻപും വാർണർ പുഷ്പയിലെ പാട്ടുകളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒട്ടുമിക്ക വീഡിയോകള്‍ക്കും അല്ലു അർജുന്‍ കമന്‍റുമായി എത്താറുണ്ട്. ഇപ്പോഴിതാ പുഷ്പ 2 ട്രെയിലറിന്റെ റിലീസിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് വാർണർ.’ അടിപൊളി വർക്ക് ബ്രദർ’ എന്ന ക്യാപ്ഷനൊപ്പം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഡേവിഡ് വാർണർ പുഷ്പക്ക് ആശംസകൾ അറിയിച്ചത്.
പുഷ്പ 2 വിൽ ഡേവിഡ് വാർണർ അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്ത്യാ ഗ്ലിറ്റ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെല്‍ബണിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും ഈ ഷെഡ്യൂളിലാണ് വാര്‍ണര്‍ ഭാഗമായിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. വലിയ ബഡ്ജറ്റിൽ ഒരു പക്കാ ആക്ഷൻ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.