തവനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍രെ സ്വത്തുവിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്‌സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്.
ഫിറോസ് കുന്നംപറമ്പിലിന്റെ ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളുമാണുള്ളത്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്. ഫിറോസ് കുന്നംപറമ്പിലിന് സ്വന്തമായുള്ള ഇന്നോവ കാറിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. ഇതുകൂടി കൂട്ടുമ്പോള്‍ 20,28,834 ജംഗമ ആസ്തിയാണ് ഫിറോസിനുള്ളത്.
കമ്പോളത്തില്‍ 295000 രൂപ വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2053 സ്വകയര്‍ ഫീറ്റുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇത് കൂടാതെ 80000 രൂപയുടെ മറ്റ് വസ്തുവകകളും ഫിറോസിന്റെ പേരിലുണ്ട്.
വാഹനവായ്പയായി ഫിറോസ് 922671 രൂപ അടയ്ക്കാനുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ആലത്തൂര്‍, ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനുകളിലായി രണ്ട് ക്രിമിനല്‍ കേസുകള്‍ ഫിറോസിന്റെ പേരിലുണ്ട്. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള മടി കൊണ്ടാണ് ഫിറോസ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. മന്ത്രി കെടി ജലീലിനെതിരെയാണ് ഫിറോസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.