അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പിടിയിൽ. മുർഷിദാബാദ് സ്വദേശി സബീർ ഇസ്ലാമിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സബീറിന്റെ ചികിത്സതേടിയ യുവതിയുടെ പരാതിയിലാണ് നടപടി. ഇതാണ് സബീർ ഇസ്ലാം, പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിലെ പ്രധാന വൈദ്യൻ. നിരവധി അതിഥി തൊഴിലാളികളാണ് കഴിഞ്ഞ ദിവസം വരെ സബീറിന്റെ ചികിൽസ തേടി എത്തിയത്. മാറമ്പള്ളി പള്ളിപ്രം ഭായ് കോളനിയിലെ ഒരു മുറിയാണ് സബീറിന്റെ ക്ലിനിക്, ഇവിടെ തന്നെയാണ് താമസവും. രോഗികൾക്ക് ഇൻജക്ഷനും, ഡ്രിപ്പുമെല്ലാം സബീർ നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ചികിത്സ തേടിവന്ന അസാം സ്വദേശിനി വഴിയാണ് സബീർ തട്ടിപ്പ്കാരനാണെന്ന് പുറം ലോകം അറിയുന്നത്. അസം സ്വദേശിനിയിൽ നിന്ന് 1000 രൂപ വാങ്ങിയ സബീർ ചില ഗുളികൾ കൊടുത്തു, പിന്നാലെ ഡ്രിപ്പിട്ടു. യുവതി ബോധരഹിതയായി. പൊലീസിന്റെ അന്വേഷണത്തിൽ വ്യാജഡോക്ടർ ആണെന്ന് തെളിഞ്ഞു. ക്ലിനിനിക്കിൽ എത്തി സബീറിനെ കയ്യോടെ പൊക്കി. സ്റ്റെതസ്കോപ്പ്, രക്തസമ്മർദ്ദം പരിശോധിക്കുന്ന ബി.പി.അപ്പാരറ്റ്സ്, സിറിഞ്ച്, ഗുളികൾ എന്നിവ ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്തു.