യുഎസിലെ ടെക്സസിലെ ടെക്സര്‍ക്കാനയിൽ കഴിഞ്ഞ ദിവസം മഴ പെയ്തു. മഴയ്ക്കൊപ്പം പെയ്തിറങ്ങിയതാകട്ടെ നൂറുകണക്കിനു മീനുകളും. ഇതിൽ അതിശയിക്കാൻ ഒന്നുമില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന മൃഗമഴ (Animal rain) എന്ന പ്രതിഭാസമാണ് മീൻമഴയ്ക്ക് കാരണമെന്നും, കടലിൽ രൂപപ്പെട്ട വാട്ടര്‍സ്പൗട്ട് അഥവാ ജലസ്തംഭങ്ങളുടെ ഫലമായി ഉയര്‍ന്നു പൊങ്ങിയ മത്സ്യങ്ങള്‍ പിന്നീട് നഗരത്തിൽ പതിച്ചതാകാമെന്ന് ആണ് നഗരസഭാ അധികൃതര്‍ വ്യക്തമാക്കിയത്. വാട്ടര്‍സ്പ്രൗട്ടിനു വേഗം വര്‍ധിക്കുമ്പോള്‍ വെള്ളത്തോടൊപ്പം മറ്റു ഭാരം കുറഞ്ഞ വസ്തുക്കളും എടുത്തുയര്‍ത്തപ്പെടും. അതിവേഗത്തിൽ കറങ്ങി വെള്ളം ആകാശത്തിലേയ്ക്ക് ഉയരുമ്പോള്‍ ചെറുമത്സ്യങ്ങളും തവളകള്‍ പോലുള്ള ചെറുജീവികളുമെല്ലാം ആകാശത്തിലെത്തും. തുടര്‍ന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് മറ്റെവിടെയെങ്കിലും മഴയായി പെയ്തിറങ്ങുകയാണ് ചെയ്യുന്നത്. ടെക്സസ് സംസ്ഥാനത്ത് ഇതാദ്യമായാണ് മീൻമഴ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സിഎൻഎൻ റിപ്പോര്‍ട്ട്. എന്നാൽ 2017ൽ കാലിഫോര്‍ണിയയിൽ സമാനമായ സംഭവമുമ്ടായിരുന്നു. ഓറോവില്ലിലെ ഒരു പ്രൈമറി സ്കൂളിൻ്റെ മുറ്റത്തായിരുന്നു നൂറോളം മീനുകൾ പതിച്ചത്.