ചെന്നൈ: തമിഴ്നാട്ടിൽ പടക്കക്കടയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചുപേർ മരിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പടക്ക കടയിലുണ്ടായ തീപിടിത്തം സമീപത്തെ ബേക്കറിയിലേക്ക് പടരുകയും ഇവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തത് അപകടത്തിന്റെ കാഠിന്യം കൂട്ടി. മുരുകൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിത്തമുണ്ടായത്.