ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുകയും വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരെയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.