
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു വമ്പൻ വിജയം. 228 റൺസ് വിജയവുമായാണ് ടീം ഇന്ത്യ പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 32 ഓവറിൽ 128 റൺസിന് ഓൾഔട്ടായി. 50 പന്തിൽ 27 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. എട്ട് ഓവറുകൾ പന്തെറിഞ്ഞ കുൽദീപ് വഴങ്ങിയത് 25 റൺസ് മാത്രം.
ബാറ്റിങ്ങിന്റെ തുടക്കം മുതൽ പാക്കിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. വിക്കറ്റുകള്‍ തുടക്കത്തിൽ അധികം വീണില്ലെങ്കിലും റൺ നേടാൻ പാക്ക് ബാറ്റർമാർ കഷ്ടപ്പെട്ടു. ഇമാം ഉൾ ഹഖിനെ ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ബാബർ അസം , മുഹമ്മദ് റിസ്‍വാൻ എന്നിവർ വലിയ സ്കോർ കണ്ടെത്താനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി.
കുൽദീപ് യാദവ് താളം കണ്ടെത്തിയതോടെ പാക്ക് മധ്യനിര ബാറ്റർമാർ കുഴങ്ങി. ആഗ സൽമാന്‍ (32 പന്തിൽ 23), ഇഫ്തിക്കർ അഹമ്മദ് (35 പന്തിൽ 23), ശതാബ് ഖാൻ (10 പന്തിൽ ആറ്), ഫഹീം അഷറഫ് (നാല്), ഫഖർ സമാൻ (50 പന്തിൽ 27) എന്നിവരാണ് കുൽദീപിന്റെ പന്തുകൾ പിടികിട്ടാതെ പുറത്തായത്. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ബാറ്റിങ്ങിന് ഇറങ്ങിയില്ല.