Spread the love

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. സമാനതകളില്ലാത ക്രൂരതയെന്നും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ക്രൂരകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി കേസിൽ വിധി പറയുന്നത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്. ഒക്ടോബർ 4നാണ് കേസിൽ വിചാരണ ആരംഭിച്ചത്.

ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കിയാണ് കൊലപ്പെടുത്തിയത്. ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്‌ഫാക് ആലത്തെ വിസ്തരിച്ചത്. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.

Leave a Reply