തിരുവനന്തപുരം: സെർവർ തകരാർ പരിഹരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ റേഷൻ വിതരണം പുനഃസ്ഥാപിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഷിഫ്റ്റ് സമ്പ്രദായത്തിൽ തുറന്ന കടകളിൽനിന്ന് 7.4 ലക്ഷം പേർ ശനിയാഴ്ച റേഷൻ വാങ്ങി.
സെർവറിലെ വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നത് വെള്ളിയാഴ്ച പൂർത്തിയാതിനെത്തുടർന്നാണ് കടകൾ തുറന്നത്. മേയ് മൂന്നുവരെ ഷിഫ്റ്റ് സമ്പ്രദായം തുടരും. നാലു മുതൽ സാധാരണ സമയത്തേക്ക് മാറും. ഏപ്രിലിലെ റേഷൻ അഞ്ചുവരെ വാങ്ങാം. ആധാർ ബന്ധിപ്പിക്കാൻ ഐ.ടി. മിഷന്റെ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.
ഐ.ടി. മിഷനുകീഴിൽ ഒരു ഏജൻസി (ബി.എസ്.എൻ.എൽ. ഹൈദരാബാദ്) മാത്രമാണുള്ളത്. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന്റെ സേവനം ലഭ്യമാക്കാൻ വകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്.