കൊച്ചി ചെലവന്നൂരിലെ ഫ്ളാറ്റിൽ വൻ ചൂതാട്ടകേന്ദ്രം പിടികൂടി പൊലീസ്. കൊച്ചിയിൽ ലഹരിപ്പാർട്ടികൾ നടക്കുന്ന ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് നടന്ന റെയ്ഡിനിടയിലാണ് ലക്ഷങ്ങളുടെ മത്സരം നടക്കുന്ന ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. കാറപകടത്തിൽ മരിച്ച മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാറപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ലഹരി വിരുദ്ധ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.മുമ്പ് സൈജു ലഹരിപ്പാർട്ടി നടത്തിയ കൊച്ചിയിലെ ഫ്ളാറ്റുകളിൽ റെയ്ഡിനെത്തിയ പൊലീസ് സംഘത്തിന്റെ കൈയ്യിൽ പെട്ടത് വൻ ചൂതാട്ടകേന്ദ്രം. ചെലവന്നൂറിലെ ഫ്ളാറ്റിലാണ് എല്ലാ സൗകര്യങ്ങളുമുള വൻ ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ലക്ഷങ്ങൾ എറിഞ്ഞ് ചീട്ടു കളിക്കാൻ കാസിനോകളിൽ കാണുന്ന പോക്കർ റൂം വരെ തയാറാക്കിയിരുന്നു ഇവിടെ.
വിവരങ്ങൾ പുറത്തറിയാതിരിക്കാൻ രഹസ്യ ഗ്രൂപ്പുകളുണ്ടാക്കിയാണ് ചൂതാട്ടം. ഫ്ലാറ്റ് വാടകയ്കടുത്ത് ചൂതാട്ടകേന്ദ്രം നടത്തിയ ടിപ്സൺ ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്തു. ലോക് ഡാൺ സമയത്താണ് ഇയാൾ ചൂതാട്ടകേന്ദ്രം ആരംഭിച്ചത്. സൈജു തങ്കച്ചൻ ലഹരി പാർടി നടത്തിയ പനങ്ങാട്ടെ ചില റിസോർട്ടുകൾ , മരടിലെ ചില ഫ്ലാറ്റുകൾ എന്നിവടങ്ങളിലും പരിശോധന നടന്നു. സൈജു തങ്കച്ചനൊപ്പം ലഹരി പാർടിയിൽ പങ്കെടുത്ത മിക്കവരും കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയി. വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.