Spread the love
മിന്നൽ പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് മിന്നൽ ചുഴലിയും: കൊടിയ നാശം, നിരവധി വീടുകൾ തകർന്നു

തൃശൂർ/കാസർകോട്: മിന്നൽ പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് നാശം വിതച്ച് മിന്നൽ ചുഴലിയും. കാസർകോടും തൃശൂരുമാണ് മിന്നൽ ചുഴലി നാശം വിതച്ചത്. ആൾ നാശമുണ്ടായതായി റിപ്പോർട്ടില്ലെങ്കിലും നിരവധി വീടുകൾ തകർന്നു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
തൃശൂരിൽ പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരിലുമാണ് പുലർച്ചെ മൂന്നരയോടെ മിന്നൽ ചുഴലി വീശിയത്. വീടുകളുടെ റൂഫിംഗ് ഷീറ്റുകൾ പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന് മുന്നിലെ വൻ ആൽമരം കടപുഴകി. മറ്റിടങ്ങളിലും മരങ്ങൾ കടപുഴകിയിട്ടുണ്ട്. നിരവധി വൈദ്യുതിപോസ്റ്റുകളും തകർന്നു. കൃഷിനാശവും ഉണ്ടായി.

കാസർകോട് മാന്യയിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണ് ഉണ്ടായത്. വൻമരങ്ങൾ ഉൾപ്പടെ നൂറിലധികം മരങ്ങൾ കടപുഴകി. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. ഇന്ന് പുലർച്ചെയാണ് മാന്യയിലെ പട്ടാജെ, മല്ലടുക്ക തുടങ്ങിയ ഇടങ്ങളിൽചുഴലി വീശിയത്. ചുഴലിക്ക് മുമ്പായി പ്രദേശത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.

നേരത്തേ ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾ കേരളത്തിൽ കേട്ടുകേൾവി മാത്രമായിരുന്നെങ്കിൽ സംസ്ഥാനത്ത് ഇപ്പോൾ മിന്നൽ ചുഴലി പതിവാകുകയാണ്. മൺസൂണിന് ഇടവേളകൾ വരുന്നതാണ് സംസ്ഥാനത്ത് മിന്നൽ ചുഴലി രൂപപ്പെടാൻ പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.നൂറ് കിലോമീറ്ററലധികം വേഗത്തിലാണ് പ്രാദേശികമായി ഇത്തരം കാറ്റുകൾ രൂപപ്പെടുന്നത്. നാശം വിതച്ചശേഷം പൊടുന്നനെ ഇത് അവസാനിക്കുകയും ചെയ്യും.

Leave a Reply