
പാലോട് : ഇന്നലത്തെ ശക്തമായ മഴയെത്തുടർന്ന് തെങ്കാശി പാതയിൽ കുറുപുഴ മുതൽ ഇളവട്ടം വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ഭാഗത്ത് കനത്ത വെള്ളപ്പൊക്കം ഉണ്ടായി മണിക്കൂറുകളോളം ഗതാഗതം നിലച്ചു. റോഡ് പൂർണമായും വെള്ളത്തിനടിയിലായി തോട് നിറഞ്ഞു കവിഞ്ഞു കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങൾ കുറുപുഴ – വെമ്പ്– പച്ചമല– ആലുകുഴി – ഇളവട്ടം വഴി തിരിച്ചു വിട്ടു. വലിയ ഗതാഗത കുരുക്കാണ് പ്രദേശത്ത് ഉണ്ടായത്. ഈ പ്രദേശങ്ങളിൽ മഴയത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനു പരിഹാരം കാണാൻ ഇളവട്ടം കലുങ്ക് പൊളിച്ചു പണിതെങ്കിലും ഫലം കണ്ടില്ല.
ഏതാനും വർഷങ്ങൾക്ക് മുൻപ് കോടികൾ ചെലവഴിച്ചു ചുള്ളിമാനൂർ മുതൽ ഇലവുപാലം വരെയുള്ള ഭാഗം പണിത റോഡിലാണ് ഈ ദുരിതം. അശാസ്ത്രിയമായ ഓട നിർമാണവും തുടർ സംരക്ഷണം ഇല്ലാതെയും റോഡ് നശിക്കുകയായിരുന്നു. ഏറെ ഗതാഗത പ്രാധാന്യമുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട ഈ പാതയിൽ കുറുപുഴ, ഇളവട്ടം മേഖലയിൽ മാത്രമല്ല റോഡിന്റെ അങ്ങോളമിങ്ങോളം മുഴുവൻ വെള്ളക്കെട്ടാണ്. മഴപെയ്താൽ സഞ്ചരിക്കാൻ കഴിയാത്ത വിധം മണ്ണൊലിപ്പും മഴവെള്ളപ്പാച്ചിലും കാരണം ദുരിതമാണ്.