ഒമിക്രോൺ വകഭേദത്തിൻ്റെ വരവോടെ വിവിധ ലോകരാജ്യങ്ങളിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ കര്‍ശനമാകുന്നതിനിടെ ഇസ്രയേലിൽ ചരിത്രത്തിലാദ്യമായി “ഫ്ലൊറോണ” രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19നും ഇൻഫ്ലൂവെൻസയും ഒരുമിച്ച് സ്ഥിരീകരിക്കുന്ന ഫ്ലൊറോണ രോഗാവസ്ഥ ഒരാളിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു ഗര്‍ഭിണിയിലാണ് “ഫ്ലൊറോണ” റിപ്പോര്‍ട്ട് ചെയ്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ കൊവിഡ് 19 വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് 19 പരത്തുന്ന കൊറോണ വൈറസും ഇൻഫ്ലൂവെൻസ പരത്തുന്ന വൈറസും ഒരേ സമയം സ്ഥിരീകരിക്കുന്ന അവസ്ഥയാണ് ഫ്ലൊറോണ എന്നാണ് റിപ്പോര്‍ട്ട്. രണ്ട് രോഗങ്ങളും ഒരേ സമയം റിപ്പോര്‍ട്ട് ചെയ്യുന്നത് ശരീരത്തിലെ പ്രതിരോധശേഷിയിലുള്ള തകരാറു മൂലമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ രോഗാവസ്ഥയെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി. എന്നാൽ ഇത് കൊവിഡിൻ്റെ ഒരു പുതിയ വകഭേദമല്ല. കൊവിഡ് 19 വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും ഒരേ സമയം സ്ഥിരീകരിക്കുന്ന ഡെൽമിക്രോൺ സാഹചര്യം യൂറോപ്പിൽ കണ്ടെത്തിയിരുന്നു.