300 ചതുരശ്രമീറ്ററിൽ 300 കിലോ പൂക്കളാൽ പൂക്കളം ; വർണ്ണവിസ്മയമായ പൂക്കളമൊരുക്കി അബുദാബി.
അബുദാബി : മഹാമാരിക്കെതിരായ പോരാട്ടത്തിൽ അക്ഷീണം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരും കോവിഡിനെ അതിജീവിച്ചവരും ഒത്തുചേർന്ന് അബുദാബിയിൽ ഒരുക്കിയത് കൂട്ടായ്‍മയുടെയും പ്രതീക്ഷയുടെയും പ്രതീകമായ ഭീമൻ പൂക്കളം. കോവിഡിന്റെ തുടക്കകാലത്ത് രോഗികൾക്കു ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിച്ച ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് വർണവിസ്മയമായ പൂക്കളം ഒരുക്കിയത്. ഒരുമയുടെ ആഘോഷമായ ഓണത്തിന് ഇത്തരമൊരു കൂട്ടായ്മയൊരുക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ ഏറെനാളത്തെ ശ്രമഫലമായാണ് 300 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളം. ഉത്രാടനാൾ ഉച്ചയ്ക്കു രണ്ടിന് തുടങ്ങിയ പൂക്കളമിടൽ 16 മണിക്കൂറിലേറെ നീണ്ടു. തിരുവോണദിനം രാവിലെ പൂർത്തിയായ പൂക്കളത്തിനായി 300 കിലോ പൂക്കളാണ് ഉപയോഗിച്ചത്. മധുരയിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് ഇതിനായി പൂക്കളെത്തിച്ചത്.
അരളി, ഇരു നിറങ്ങളിലുള്ള ചെണ്ടുമല്ലി, പനിനീർപ്പൂവ്, വാടാർമല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
ആശുപത്രിയിലെ നാൽപതിലേറെ ആരോഗ്യപ്രവർത്തകർ പൂക്കളം ഒരുക്കാനായി ഒത്തുചേർന്നു. ഒപ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും കോവിഡിനെ അതിജീവിക്കുകയും ചെയ്തവരും. സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരുക്കിയ പൂക്കളം യുഎഇയിലെ ഈ ഓണക്കാലത്തെ പൂക്കളങ്ങളിൽ ഏറ്റവും വലുതായി.വിവിധ രാജ്യക്കാർ ചേർന്നു നിന്നൊരുക്കിയ പൂക്കളം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിയിൽ നിന്നവർക്കും പിന്തുണച്ചവർക്കും ത്യാഗം സഹിച്ചവർക്കുമാണ് സമർപ്പിച്ചത്.