Spread the love
കോഴിക്കോട് നിന്നും സൗദിയിലേക്ക് ഫ്‌ളൈ നാസ് ഫെബ്രുവരി എട്ട് മുതൽ: ഓൺലൈൻ ബുക്കിങ് തുടങ്ങി

റിയാദ്: സൗദിയിലേക്ക് കോഴിക്കോട് നിന്നും ഫ്‌ളൈ നാസ് എയർ സർവ്വീസ് തുടങ്ങുന്നു. എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവ്വീസ് ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും റിയാദിലേക്കാണ് ഫ്‌ളൈ നാസ് നേരിട്ട സർവ്വീസ് നടത്തുക. ഇതോടൊപ്പം സഊദിയിലെ മറ്റു നഗരികളിലേക്കും റിയാദ് കേന്ദ്രമായി കണക്ഷൻ സർവ്വീസുകളും ഉണ്ടാകും. ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്‌ളൈ നാസ് കോഴിക്കോട്-റിയാദ് സെക്റ്ററിൽ നടത്തുക. നേരത്തെ, ജനുവരി പതിനൊന്ന് മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച സർവ്വീസുകൾ ഇവർ തുടങ്ങിയിരുന്നില്ല. ഇതാണ് ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കുന്നത്.

റിയാദിൽ നിന്ന് അർധരാത്രി 00:05 നു പറന്നുയരുന്ന വിമാനം രാവിലെ 07:30 നു കോഴിക്കോട് ഇറങ്ങും. കോഴിക്കോട് നിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദിൽ 11:45 എത്തിച്ചേരും. കോഴിക്കോട് നിന്നും സഊദിയിലേക്ക് 1,543 റിയാലും റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 595 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മാർച്ച് 25 വരെയുള്ള ഷെഡ്യൂളുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ലൈറ്റ് ടിക്കറ്റ് നിരക്കിൽ 20 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും അനുവദിക്കും. എന്നാൽ, തൊട്ടുയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്കിൽ 30 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജ്, ഏഴു കിലോ ഹാൻഡ് ബാഗ് എന്നിവയും അനുവദിക്കും.

Leave a Reply