തിരുവനന്തപുരം :സ്വകാര്യ ചാനലിലെ തല്സമയ പരിപാടിയിൽ സഹായം തേടിയ യുവതിയോട് മര്യാദയില്ലാതെ പെരുമാറിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ രാജി സമർപ്പിച്ചു.
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈനെ പിന്തുണയ്ക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഒരാളും ഉണ്ടായില്ല.രാജി അല്ലാതെ മറ്റു വഴി ഇല്ലെന്ന് ബോധ്യമായതോടെ തെറ്റ് സമ്മതിച്ച് ജോസഫൈൻ സമർപ്പിച്ച രാജിസന്നദ്ധത സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
സ്വകാര്യ ചാനലിലെ തല്സമയ പരിപാടിയിൽ പങ്കെടുത്തപ്പോൾ പരാതി ബോധിപ്പിച്ച യുവതിയോട് ‘ എന്നാൽ പിന്നെ അനുഭവിച്ചോ ‘ എന്ന ജോസഫൈന്റെ വിവാദ പ്രതികരണം സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് വഴിതുറന്നത്.ഇടതുപക്ഷ പിന്തുണയ്ക്കുന്ന സാംസ്കാരിക പ്രമുഖർ ഉൾപ്പെടെ ജോസഫൈനെ തള്ളിപ്പറഞ്ഞു.
തൻറെ പ്രതികരണത്തെ ആദ്യം ന്യായീകരിക്കാൻ ശ്രമിച്ച ജോസഫൈന് പാർട്ടി നേതൃത്വത്തിൽ നിന്ന് ശാസന ലഭിച്ചിരുന്നു.ഇതോടെ ഖേദം പ്രകടിപ്പിച്ചെങ്കിലും സ്ഥാനത്ത് തുടരാൻ അതു പ്രാപ്തമായില്ല. ജോസഫൈൻ മുൻപു നടത്തിയ ചില പരാമർശങ്ങളും പാർട്ടിയെ വെട്ടിലാക്കിയിരുന്നു.ഇതിനിടെ,വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി.ജോസഫൈൻ നടത്തിയ വിവാദ പരാമർശങ്ങളെ വിമർശിച്ചു സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ടുമായ പി.കെ ശ്രീമതിയും രംഗത്തെത്തി.കമ്മീഷൻ അധ്യക്ഷ പദവിയിൽ 11 മാസത്തോളം കാലാവധി ബാക്കിനിൽക്കെയാണ് മുതിർന്ന നേതാവിന്റെ പടിയിറക്കം.