
കായംകുളം ടൗണ്‍ യുപി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 13 കുട്ടികള്‍ ആശുപത്രിയില്‍. ഇന്നലെ സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ഥികള്‍ക്ക് രാത്രി മുതല്‍ വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഇവരില്‍ പലര്‍ക്കും രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊല്ലം കൊട്ടാരക്കരയിലെ ഒരു അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നാല് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരത്ത് 35 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉച്ചക്കട എല്‍എംഎസ്എല്‍പി സ്‌കൂളിലാണ് സംഭവം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചു.