Spread the love
വിവാഹവീട്ടിലെ ഭക്ഷ്യവിഷബാധ: നടപടി വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്

കോഴിക്കോട്: നരിക്കുനിയിൽ വിവാഹസത്‌കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ. വിവാഹ സത്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണംചെയ്ത സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

വരന്റെ വീട്ടിൽ രാത്രി ഏഴ് മണിയോടെ നടന്ന വിരുന്നിൽ മന്തി, മയോണിസ്, ചിക്കൻ എന്നിവ വിതരണംചെയ്ത ഫാസ്റ്റ് ബർഗർ എന്ന കാറ്ററിങ് യൂണിറ്റിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനവുമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്തി. സ്ഥാപനം ഭക്ഷ്യസുരക്ഷാവകുപ്പ് സീൽ ചെയ്തു. വരന്റെ വീട്ടിൽനിന്നും കാറ്ററിങ് യൂണിറ്റിൽനിന്നും വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഉച്ചയ്ക്ക് വിരുന്നിൽ പങ്കെടുത്ത വനിതകൾക്കായി ഭക്ഷണ പാക്കറ്റിനകത്ത് ചിക്കൻ റോൾ, കേക്ക്, മധുരം എന്നിവ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ച പലർക്കും ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേക്ക് തയ്യാറാക്കിയ നവീൻ ബേക്കറി എന്ന സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

ഭക്ഷ്യവിഷബാധയേറ്റ പലരും കുഞ്ഞുങ്ങൾ ആയതിനാൽ ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളുടെ മൊഴികൾ മാത്രമാണ് കൃത്യമായിട്ടുള്ളത്. ഭക്ഷണം കഴിച്ചവർക്ക് വയറു വേദന, വയറിളക്കം, പനി എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാംപിളുകൾ തുടർ പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയച്ചു.

ആവർത്തിച്ചുവരുന്ന ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ജില്ലയിൽ കാറ്ററിങ്‌ യൂണിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുവിന്റെ സാംപിളുകൾ സീൽ ചെയ്ത പാക്കറ്റിൽ ഫ്രീസറിൽ രണ്ട് ദിവസമെങ്കിലും സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ പരിശോധനയ്ക്കായി ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എം.ടി. ബേബിച്ചൻ അറിയിച്ചു. ജില്ലയിലെ എല്ലാ കാറ്ററിങ്‌ യൂണിറ്റുകളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ബോധവൽകരണ പരിപാടികളും സംഘടിപ്പിക്കും.

Leave a Reply